തൃശൂർ: ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേലൂര്‍ സ്വദേശിനിയും നഴ്സുമായ മിനു (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. മിനുവിൻ്റെ ഭർത്താവ് ജിബിൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ഭര്‍തൃമാതാവിനൊപ്പമായിരുന്നു മിനുവിൻ്റെ താമസം. സംഭവ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
മിനുവിന്റെ ഇളയ മകന് അസുഖബാധിതനായി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകൻ്റെ കൂടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മിനു ആശുപത്രിയിൽ ഉണ്ടായിരുന്നു. ഭര്‍തൃമാതാവിനെ ആശുപത്രിയില്‍ നിര്‍ത്തിയശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു സംഭവം നടന്നത്.
അയല്‍വാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. വീടിനുള്ളില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടത്തോടെ പൊലീസിനെ വിവരം അറിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തിയപ്പോൾ മിനു മരിച്ചിരുന്നു. യുവതിയും ഭര്‍തൃമാതാവും തമ്മില്‍ മുന്‍പ് കുടുംബപ്രശ്നങ്ങളോ മറ്റ് തര്‍ക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


