ന്യൂഡൽഹി: പാക്കറ്റ് ഭക്ഷണങ്ങളിലെ പോഷകവിവര മുന്നറിയിപ്പ് ലേബലുകൾ കൂടുതൽ കർശനമാക്കാൻ സുപ്രീംകോടതി നിർദേശം. ഉയർന്ന അളവിൽ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഇവ ഓരോന്നിനും പ്രത്യേകം മുന്നറിയിപ്പ് ചിഹ്നങ്ങൾ നിർബന്ധമാക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഒറ്റ സംയുക്ത മുന്നറിയിപ്പ് ചിഹ്നം മതിയെന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (FSSAI) നിർദേശം കോടതി അംഗീകരിച്ചില്ല.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഉയർന്ന കൊഴുപ്പ്, ഉയർന്ന പഞ്ചസാര, ഉയർന്ന ഉപ്പ് എന്നിവയ്ക്കായി പ്രത്യേകം ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് ചിഹ്നങ്ങൾ പാക്കറ്റിന്റെ മുൻവശത്ത് നൽകണം. ഓരോ ചിഹ്നത്തിലും ബന്ധപ്പെട്ട പോഷകഘടകത്തിന്റെ ചിത്രവും ‘HIGH FAT’, ‘HIGH SUGAR’, ‘HIGH SALT’ എന്നീ വാക്കുകളും ഉണ്ടായിരിക്കണം.
മറ്റൊരു പ്രധാന നിർദേശവും കോടതി മുന്നോട്ടുവച്ചു. പോഷക മുന്നറിയിപ്പുകൾ നിശ്ചയിക്കുമ്പോൾ ചേർത്ത പഞ്ചസാരയ്ക്കും ചേർത്ത കൊഴുപ്പിനും പകരം ഭക്ഷണത്തിലെ ആകെ പഞ്ചസാരയും സാച്ചുറേറ്റഡ് കൊഴുപ്പും കണക്കിലെടുക്കണം. ഉപ്പും ഇതോടൊപ്പം പരിഗണിക്കണം. ഇതനുസരിച്ച് മുന്നറിയിപ്പ് നൽകേണ്ട അളവിന്റെ പരിധികളും എഫ്എസ്എസ്എഐ പുനഃപരിശോധിക്കണം.
ഓരോ മുന്നറിയിപ്പ് ചിഹ്നവും പാക്കറ്റിന്റെ പ്രധാന പ്രദർശന ഭാഗത്തിന്റെ കുറഞ്ഞത് നാല് മുതൽ അഞ്ച് ശതമാനം വരെ സ്ഥലം ഉൾക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. ലേബലുകൾ വൈകുന്നത് കുട്ടികളുടെയടക്കം പൊതുജനാരോഗ്യത്തെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. കരട് ചട്ടങ്ങൾ അന്തിമമാക്കാൻ എഫ്എസ്എസ്എഐക്ക് നാല് മാസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ചട്ടങ്ങൾ തയ്യാറാക്കുന്നതിലെ പുരോഗതി പത്ത് ആഴ്ചയ്ക്കുശേഷം കോടതിയെ അറിയിക്കണം.
കുട്ടികളിൽ പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി സ്കൂൾ പാഠ്യപദ്ധതിയിലും പഠനരീതികളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും കോടതി നിർദേശിച്ചു. സംവാദങ്ങൾ, ശിൽപ്പശാലകൾ, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയിലൂടെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ച് കുട്ടികൾക്ക് പ്രായോഗിക അറിവ് നൽകണം.
‘3S ആൻഡ് ഔർ ഹെൽത്ത് സൊസൈറ്റി’ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദേശം. ഭക്ഷണപ്പൊതികളിൽ പോഷകഘടകങ്ങളെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പുകൾ നിർബന്ധമാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഉപഭോക്താക്കൾക്ക് ഭക്ഷണം വാങ്ങുന്നതിന് മുമ്പ് അതിലെ ആരോഗ്യസാധ്യതകൾ തിരിച്ചറിയാനും അറിഞ്ഞുകൊണ്ട് തീരുമാനമെടുക്കാനും പുതിയ ലേബലിങ് സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
