ഗുകേഷിന്റെ ലണ്ടൻ ഓപ്പണിങ്ങിന് സിന്ദാരോവിന്റെ മറുപടി; 20 നീക്കത്തിൽ സമനില

ജനീവ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ഡി. ഗുകേഷിന്റെ തന്ത്രത്തെ മുൻകൂട്ടി പഠിച്ച നീക്കങ്ങളിലൂടെ പ്രതിരോധിച്ച് ഉസ്ബെക്കിസ്ഥാൻ താരം ജാവോഖിർ സിന്ദാരോവ്. രണ്ടാം മത്സരത്തിൽ ഗുകേഷ് ലണ്ടൻ സിസ്റ്റം ഓപ്പണിങ് തിരഞ്ഞെടുത്തെങ്കിലും സിന്ദാരോവിന്റെ ഉറച്ച തയ്യാറെടുപ്പിന് മുന്നിൽ കാര്യമായ മുൻതൂക്കം നേടാനായില്ല. 20 നീക്കങ്ങൾക്കൊടുവിൽ മത്സരം സമനിലയിൽ അവസാനിച്ചു.

വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷ്, ആദ്യ മത്സരത്തിലെ ഓപ്പണിങ്ങിൽനിന്ന് വ്യത്യസ്തമായി ഇത്തവണ 1.d4 എന്ന നീക്കത്തോടെയാണ് തുടങ്ങിയത്. ലണ്ടൻ സിസ്റ്റം എന്നറിയപ്പെടുന്ന ഈ ഓപ്പണിങ് ഗുകേഷിന് പരിചിതമാണ്. എന്നാൽ സിന്ദാരോവ് തുടക്കത്തിൽത്തന്നെ കൃത്യമായ നീക്കങ്ങളിലൂടെ ഗുകേഷിന്റെ പദ്ധതികളെ പ്രതിരോധിച്ചു.

ഏഴാം നീക്കത്തിൽ സിന്ദാരോവ് നടത്തിയ ക്വീൻ നീക്കവും എട്ടാം നീക്കത്തിലെ കുതിരയുടെ നീക്കവും ശ്രദ്ധേയമായി. പതിനൊന്നാം നീക്കത്തിൽ ക്വീൻ സ്വന്തം സ്ഥാനത്തേക്ക് തിരിച്ചെത്തിച്ചും പിന്നീട് കരുക്കൾ ക്രമീകരിച്ചും അദ്ദേഹം നില ഭദ്രമാക്കി. പതിനഞ്ചാം നീക്കത്തിൽ നടത്തിയ …f5 നീക്കത്തോടെ ഗുകേഷിന് മുന്നേറ്റത്തിനുള്ള വഴികൾ കൂടുതൽ പരിമിതമായി.

തുടർന്നുള്ള നീക്കങ്ങളിൽ ഗുകേഷ് ഏറെ സമയം ചെലവഴിച്ചെങ്കിലും വ്യക്തമായ നേട്ടത്തിനുള്ള വഴി കണ്ടെത്താനായില്ല. ഒടുവിൽ ഇരുവരും ഒരേ സ്ഥാനം മൂന്ന് തവണ ആവർത്തിച്ചതോടെ സമനില അംഗീകരിച്ചു. ഏകദേശം രണ്ട് മണിക്കൂറിനുള്ളിലാണ് മത്സരം അവസാനിച്ചത്.

മത്സരശേഷം സിന്ദാരോവ്, ലണ്ടൻ സിസ്റ്റം തനിക്ക് വലിയ അപ്രതീക്ഷിത നീക്കമായിരുന്നില്ലെന്ന് വ്യക്തമാക്കി. ഈ വേരിയേഷൻ നേരത്തെ പഠിച്ചിട്ടുണ്ടെന്നും അതിനാൽ ഗുകേഷിന്റെ നീക്കങ്ങളെ നേരിടാൻ തയ്യാറായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തന്റെ കുറിപ്പുകളിലെ ചില നീക്കങ്ങൾ കൂടുതൽ ഓർത്തെടുക്കാമായിരുന്നുവെന്ന് ഗുകേഷും പ്രതികരിച്ചു. ലോക ചാമ്പ്യൻഷിപ്പ് പോലുള്ള മത്സരങ്ങളിൽ ഓപ്പണിങ്ങിൽനിന്ന് തന്നെ മുൻതൂക്കം നേടാനാകാത്തത് സ്വാഭാവികമാണെന്നും ഗുകേഷ് കൂട്ടിച്ചേർത്തു.

ആദ്യ രണ്ട് മത്സരങ്ങളും സമനിലയിൽ അവസാനിച്ചതോടെ 14 മത്സരങ്ങളുള്ള ലോക ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ ഇരുവരും ഓരോ പോയിന്റ് വീതം നേടി ഒപ്പത്തിനൊപ്പമാണ്. മൂന്നാം മത്സരം നവംബർ 26-ന് നടക്കും. ഇത്തവണ സിന്ദാരോവിനാണ് വെള്ളക്കരുക്കളുടെ മുൻതൂക്കം.

Leave a Reply

Your email address will not be published. Required fields are marked *