മുംബൈ: ദാദറിലെ ശിവാജി പാർക്കിൽ അനുമതിയില്ലാതെ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നേതാക്കൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് മുംബൈ പൊലീസ്. പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, സഹകൺവീനർമാരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർക്കെതിരെയാണ് നടപടി. രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്ന ആശങ്കയെ തുടർന്നാണ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലായിരുന്നു ശിവാജി പാർക്കിൽ CJP പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ SIR-ൽ ക്രമക്കേടുകൾ നടന്നുവെന്നായിരുന്നു പാർട്ടിയുടെ ആരോപണം. പൊലീസ് അനുമതി നിഷേധിച്ചിട്ടും നാലായിരത്തിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. നടൻ നസറുദ്ദീൻ ഷാ, ശബാന ആസ്മി, സംവിധായകൻ ആനന്ദ് പട്വർധൻ എന്നിവരും പ്രതിഷേധത്തിനെത്തിയിരുന്നു.
പ്രതിഷേധത്തിന് പിന്നാലെ ഒക്ടോബർ മൂന്നിനാണ് ശിവാജി പാർക്ക് പൊലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുസേവകന്റെ നിയമാനുസൃത ഉത്തരവ് ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. CJP നേതാക്കളെയും മുന്നൂറിലധികം പിന്തുണക്കാരെയും ഉൾപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
സൗരവ് ദാസിനെതിരായ ലുക്ക് ഔട്ട് സർക്കുലർ നേരത്തെ ഡൽഹി വിമാനത്താവളത്തിൽ യാത്ര തടഞ്ഞ സംഭവത്തിലൂടെയാണ് പുറത്തുവന്നത്. നവംബർ 23ന് ഓക്സ്ഫോർഡിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകുന്നതിനിടെയാണ് ദാസിനെ തടഞ്ഞത്. മഹാരാഷ്ട്ര പൊലീസിന്റെ അഭ്യർഥനപ്രകാരമാണ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. നവംബർ 22, 23 തീയതികളിലാണ് സർക്കുലർ പുറപ്പെടുവിച്ചതെന്നാണ് കോടതിയിൽ അറിയിച്ചത്.
സർക്കുലറിനെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്നും അതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കണമെന്നും ദാസിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസ് ഡിസംബർ ഒമ്പതിന് വീണ്ടും പരിഗണിക്കും.
അതേസമയം, ദാസിന്റെ യാത്ര തടഞ്ഞതുമായി ബന്ധപ്പെട്ട് പാസ്പോർട്ടിലെ വിവരങ്ങളിലെ പൊരുത്തക്കേടുകൾ സംബന്ധിച്ച മറ്റൊരു വിഷയവും കേന്ദ്രം കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം ലുക്ക് ഔട്ട് സർക്കുലറുമായി ബന്ധപ്പെട്ട കേസിൽനിന്ന് വ്യത്യസ്തമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
