ന്യൂഡൽഹി: അമേരിക്കയുമായുള്ള വ്യാപാര കരാറിനെ മികച്ച കരാറെന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ. കരാർ പ്രകാരം ഇന്ത്യയ്ക്ക് മേൽ ചുമത്തുന്ന ഇറക്കുമതി തീരുവ മറ്റ് മിക്ക രാജ്യങ്ങളേക്കാളും കുറവായിരിക്കുമെന്നാണ് ഉദ്യോഗസ്ഥന്റെ പ്രതികരണം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധത്തിൽ കരാർ നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
2026 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും ഇടക്കാല വ്യാപാര കരാറിനുള്ള ചട്ടക്കൂടിൽ ധാരണയിലെത്തിയിരുന്നു. ഇതനുസരിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തുന്ന പരസ്പര തീരുവ 18 ശതമാനമായി കുറയ്ക്കാനാണ് ധാരണ. ചില ഉൽപ്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജനറിക് മരുന്നുകൾ, രത്നങ്ങൾ, വജ്രങ്ങൾ, വിമാന ഭാഗങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇതിൽ ചില ഇളവുകൾ കരാർ അന്തിമമായി നടപ്പാക്കുന്നതിന് വിധേയമാണ്.
അതേസമയം, അമേരിക്കൻ വ്യാവസായിക ഉൽപ്പന്നങ്ങൾക്കും വിവിധ കാർഷിക ഉൽപ്പന്നങ്ങൾക്കും ഇന്ത്യ തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കയിൽനിന്ന് 500 ബില്യൺ ഡോളറിന്റെ ഊർജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, സാങ്കേതിക ഉൽപ്പന്നങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാനും ഇന്ത്യ ഉദ്ദേശിക്കുന്നതായി സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്ര ഉഭയകക്ഷി വ്യാപാര കരാറിലേക്കുള്ള ചർച്ചകൾ തുടരുന്നതിനുള്ള ചട്ടക്കൂടാണ് നിലവിലെ ധാരണ. അതിനാൽ കരാറിലെ വ്യവസ്ഥകൾ അന്തിമമാക്കാനുള്ള നടപടികൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. ഇന്ത്യയ്ക്ക് ലഭിക്കുന്ന തീരുവ ഇളവുകളും അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനവും വ്യാപാരബന്ധത്തിലെ പ്രധാന ഘടകങ്ങളായിരിക്കുമെന്നാണ് വിലയിരുത്തൽ.
