ചരിത്രം കുറിച്ച് ‘രാമായണ’; അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ആഗോളതലത്തിൽ വൻ വിജയത്തിലേക്ക് കുതിക്കുകയാണ് നിതേഷ് തിവാരി സംവിധാനം ചെയ്ത രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’. ചിത്രത്തിന്റെ അവിസ്മരണീയ വിജയത്തിൽ നിർമ്മാതാവ് നമിത് മൽഹോത്ര, സംവിധായകൻ നിതേഷ് തിവാരി, അഭിനേതാക്കളായ രൺബീർ കപൂർ, സായ് പല്ലവി എന്നിവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോള ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളിൽ ‘ഓൾ-ടൈം നമ്പർ 1’ ചിത്രമായി ‘രാമായണ’ മാറിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയുടെ കരുത്ത് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ ചരിത്ര നേട്ടം. മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഈ എപ്പിക് ബ്ലോക്ക്ബസ്റ്റർ ചിത്രം, ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇന്ത്യയിലൊട്ടാകെ വൻ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. ഓസ്കാർ ജേതാവായ ശ്രീധർ രാഘവനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രശസ്ത വി.എഫ്.എക്സ് സ്റ്റുഡിയോയായ ഡിഎൻഇജി ആണ് ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ഈ സിനിമാ പരമ്പരയുടെ ആദ്യ ഭാഗമാണിത്. രണ്ടാംഭാഗം അടുത്ത വർഷമാണ് റിലീസ്.

Leave a Reply

Your email address will not be published. Required fields are marked *