ചെന്നൈ: തമിഴ്നാട്ടിൽ ഭാര്യയുടെ പ്രസവത്തിന് ഭര്‍ത്താവിനും അവധി പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരായ പുരുഷന്മാര്ക്ക് ആണ് 15 ദിവസത്തെ അവധി ആനുകൂല്യം ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകൾക്ക് പ്രസവത്തിന് ഇതിനകം തന്നെ 365 ദിവസത്തെ പ്രസവാവധി അനുവദിച്ചിട്ടുണ്ട്. പ്രസവസമയം അമ്മയ്ക്കും കുഞ്ഞിനും വളരെ പ്രധാനമാണെന്നും ഇക്കാലയളവില്‍ അമ്മയ്ക്ക് പിന്തുണ നല്‍കുന്നതിനൊപ്പം കുഞ്ഞിന്റെ സംരക്ഷണത്തിലും പിതാവിന്റെ പങ്കാളിത്തം അത്യാവശ്യമാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു
കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പോ അല്ലെങ്കില്‍ കുഞ്ഞ് ജനിച്ച് ആറ് മാസത്തിനകമോ അവധി പ്രയോജനപ്പെടുത്താം. സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യം അംഗീകരിച്ചാണ് ടിവികെ സര്‍ക്കാരിന്റെ പ്രഖ്യാപനം. കേരളത്തില്‍ പുരുഷ ജീവനക്കാര്‍ക്ക് പത്തുദിവസമാണ് ഇത്തരത്തില്‍ അവധിയുള്ളത്. പരമാവധി രണ്ടുപ്രസവങ്ങള്ക്ക് ഒരോന്നിനും പത്ത് ദിവസം അവധി ലഭിക്കും. പ്രസവത്തിന് 10 ദിവസം മുന്‍പ് മുതല്‍ പ്രസവത്തീയതിക്ക് ശേഷം 3 മാസത്തിനുള്ളില്‍ എടുത്തില്ലെങ്കില്‍ അവധി നഷ്ടപ്പെടും. അവധി കാലയളവില്‍ ചട്ടം 92 പ്രകാരമുള്ള പൂര്‍ണ്ണ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കും. രാജ്യത്ത് ഏറ്റവും അധികം പിതൃത്വ അവധി നല്‍കുന്നത് സിക്കിമിലാണ്. മുപ്പത് ദിവസമാണ് അവിടെ ഭാര്യയുടെ പ്രസവത്തിന് സര്‍ക്കാര്‍ അനുവദിക്കുന്നത്.
