ഉണ്ണിത്താന് നെല്ലിക്ക പാഴ്സൽ

പാലക്കാട്: രാജ്‌മോഹൻ ഉണ്ണിത്താനെതിരെ വേറിട്ട പ്രതിഷേധവുമായി പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ. തലയിൽ നെല്ലിക്കാത്തളം വെക്കണമെന്ന പരിഹാസത്തോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉണ്ണിത്താന് നെല്ലിക്ക പാഴ്‌സലായി അയച്ചത്. പാലക്കാട് വണ്ടാഴി പഞ്ചായത്തിലെ ഷാഫി പറമ്പിൽ അനുകൂലികളാണ് ഈ പ്രതിഷേധത്തിന് പിന്നിൽ. ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനല്ലെന്ന ഉണ്ണിത്താന്റെ പരാമർശവും തുടർന്നുണ്ടായ വിവാദങ്ങളുമാണ് പ്രതിഷേധത്തിന് കാരണമായത്.

നേരത്തെ കെ.എം. അഭിജിത്ത്, വി.ടി. സൂരജ്, റിജിൽ മാക്കുറ്റി തുടങ്ങിയവരും ഉണ്ണിത്താനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, വിവാദം അവസാനിപ്പിക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഇടപെട്ട് ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. പരസ്യപ്രസ്താവനകൾ അവസാനിപ്പിക്കാനും ധാരണയായിട്ടുണ്ട്. എന്നാൽ തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങളിൽ നടപടി വേണമെന്ന ആവശ്യവും ഉണ്ണിത്താൻ ചർച്ചയിൽ ഉന്നയിച്ചിരുന്നു.

ഇനിയും പ്രകോപനമുണ്ടായാൽ തുറന്നുപറയുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിരുന്നു. ഇതിനിടയിലാണ് നെല്ലിക്ക പാഴ്‌സലായി അയച്ചുള്ള പുതിയ പ്രതിഷേധം. കോൺഗ്രസിനുള്ളിലെ തർക്കം അവസാനിച്ചെന്ന് കരുതുന്നതിനിടെയുണ്ടായ ഈ സംഭവം പാർട്ടിക്കുള്ളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. വരും ദിവസങ്ങളിൽ നേതാക്കളുടെ പ്രതികരണം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *