‘കുടില തന്ത്രങ്ങൾ കൊണ്ട് തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ’; ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ

കണ്ണൂർ: കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഷാഫി പറമ്പിൽ എംപിക്ക് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ‘കുപ്രചാരണം കൊണ്ടും കുടില തന്ത്രങ്ങൾ കൊണ്ടും ഈ ജനകീയ മുഖത്തെ തകർക്കാനാവില്ല’ എന്നാണ് ഫ്ലക്സിലെ വാചകം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം പരിസരങ്ങളിലാണ് ഇന്ന് പുലർച്ചെ ബോർഡുകൾ സ്ഥാപിച്ചത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം കോൺഗ്രസിൽ വീണ്ടും ഫ്ലക്സ് പോര് സജീവമാകുകയാണ്.

ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളാണ് കോൺഗ്രസിലെ പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഷാഫി എ ഗ്രൂപ്പുകാരനല്ലെന്നും അങ്ങനെയാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നും ഉണ്ണിത്താൻ പരിഹസിച്ചിരുന്നു. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ചില പെട്ടിതാങ്ങികളാണെന്നും ‘ആശാന് വേണ്ടി അടൂരിലെ ശിഷ്യൻ’ രംഗത്തിറങ്ങിയിരിക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി സൂചിപ്പിച്ച് അദ്ദേഹം ആരോപിച്ചു.

ഉമ്മൻചാണ്ടിക്കെതിരെ ആക്രമണമുണ്ടായപ്പോൾ പ്രതിരോധിക്കാൻ താനും ടി. സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റുള്ളവർ പ്രതിച്ഛായ ഭയന്ന് മാറിനിന്നെന്നുമായിരുന്നു ഉണ്ണിത്താന്റെ മറ്റൊരു ആരോപണം. സിപിഎം വിമർശനങ്ങൾക്കിടെ ഉമ്മൻചാണ്ടിയെ പ്രതിരോധിച്ചത് രാജ്മോഹൻ ഉണ്ണിത്താനാണെന്ന പ്രതികരണവുമായി ഉമ്മൻചാണ്ടിയുടെ കുടുംബവും രംഗത്തെത്തിയതോടെ വിവാദം കൂടുതൽ ശക്തമായി.

അതേസമയം, രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങൾ വിവാദത്തിന്റെ ദിശ മാറ്റാനുള്ള അജണ്ടയുടെ ഭാഗമാണെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. ഉണ്ണിത്താന് മറുപടി നൽകേണ്ടതില്ലെന്നാണ് ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം. ഉമ്മൻചാണ്ടിയുടെ കുടുംബം ഉൾപ്പെടെ പ്രതികരിച്ച സാഹചര്യത്തിൽ തൽക്കാലം മൗനം പാലിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.

സർക്കാരിലെ തീരുമാനങ്ങളിൽ കൂടുതൽ കൂടിയാലോചന വേണമെന്ന ആവശ്യം വീണ്ടും ഉന്നയിക്കാനും ഹൈക്കമാൻഡ് ഉടൻ ഇടപെടണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാനുമാണ് എ ഗ്രൂപ്പിന്റെ തീരുമാനം. ഇതിനിടെ ഷാഫി പറമ്പിലിന് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നത് കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്ക് പുതിയൊരു തലമാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *