*ന്യൂഡൽഹി: മുംബൈയെ നടുക്കിയ ഭീകരാക്രമണത്തിന് 18 വർഷം പിന്നിടുമ്പോഴും ആക്രമണത്തിന്റെ പ്രധാന ആസൂത്രകരെന്ന് ആരോപിക്കപ്പെടുന്ന ആറുപേർ പാകിസ്താനിൽ സ്വതന്ത്രമായി കഴിയുന്നതായി റിപ്പോർട്ട്. ലഷ്കർ ഇ ത്വയ്ബ തലവൻ ഹാഫിസ് സയീദ്, സംഘടനയുടെ ഓപ്പറേഷൻസ് മേധാവി സക്കീർ ഉർ റഹ്മാൻ ലഖ്വി എന്നിവരടക്കമുള്ളവർക്കെതിരെ കാര്യമായ നിയമനടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.
ഹാഫിസ് സയീദ്, ലഖ്വി എന്നിവർക്കൊപ്പം സാജിദ് മജീദ് എന്ന സാജിദ് മിർ, വിരമിച്ച പാക് സൈനിക മേജർ അബ്ദുർ റഹ്മാൻ ഹാഷിം സയീദ് എന്ന പാഷ, ഐഎസ്ഐ ഉദ്യോഗസ്ഥരായ മേജർ ഇഖ്ബാൽ, മേജർ സമീർ അലി എന്നിവരാണ് പട്ടികയിലുള്ളത്. ആക്രമണത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഇവർക്ക് പങ്കുണ്ടെന്നാണ് ഇന്ത്യൻ ഏജൻസികളുടെ ആരോപണം.
അമേരിക്കയുടെ സമ്മർദത്തെത്തുടർന്ന് 2020-ൽ ഹാഫിസ് സയീദിന് പാകിസ്താനിൽ 78 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. 2021-ൽ ലഖ്വിക്ക് ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട കേസുകളിൽ തുടർച്ചയായി അഞ്ച് വർഷം വീതമുള്ള മൂന്ന് തടവുശിക്ഷകളും ലഭിച്ചു. എന്നാൽ ഇരുവരും ഭീകരപ്രവർത്തനങ്ങൾ തുടരുന്നുവെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ആരോപണം. സാജിദ് മിർ അറസ്റ്റിലായി എട്ട് വർഷത്തെ തടവുശിക്ഷ ലഭിച്ചതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഇയാളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് വ്യക്തതയില്ല. പാഷയ്ക്കും രണ്ട് ഐഎസ്ഐ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയുണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനിലുള്ള പ്രതികളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കാര്യമായ സഹകരണം ലഭിച്ചിട്ടില്ലെന്നാണ് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്. ഹാഫിസ് സയീദിനെ കൈമാറാനുള്ള ഇന്ത്യയുടെ അഭ്യർഥനയും പാകിസ്താന്റെ പരിഗണനയിലാണ്.
2008 നവംബർ 26-നാണ് പാകിസ്താനിൽനിന്ന് കടൽമാർഗം എത്തിയ പത്ത് ഭീകരർ മുംബൈയിൽ ആക്രമണം നടത്തിയത്. 166 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അറുപത് മണിക്കൂറിലേറെ നീണ്ട ആക്രമണത്തിൽ താജ് ഹോട്ടൽ, ഒബ്റോയ് ട്രൈഡന്റ്, ഛത്രപതി ശിവാജി ടെർമിനസ് തുടങ്ങിയ ഇടങ്ങൾ ലക്ഷ്യമിട്ടിരുന്നു.
ആക്രമണത്തിൽ ജീവനോടെ പിടിയിലായ ഏക ഭീകരൻ അജ്മൽ കസബിനെ 2012-ൽ തൂക്കിലേറ്റി. ഗൂഢാലോചനയുമായി ബന്ധപ്പെട്ട അമേരിക്കൻ പൗരൻ ഡേവിഡ് ഹെഡ്ലിയെ 2011-ൽ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഹെഡ്ലിയുടെ സുഹൃത്തായ തഹാവൂർ റാണയെ 2025 ഏപ്രിലിൽ അമേരിക്ക ഇന്ത്യക്ക് കൈമാറി. നിലവിൽ ഡൽഹിയിലെ തിഹാർ ജയിലിലാണ് ഇയാൾ.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താനിൽ ഒളിവിലുള്ള ആറുപേർക്കെതിരെ ഇന്ത്യയിൽ നടപടികൾ തുടരുകയാണ്. ഇവർക്കെതിരായ പ്രഖ്യാപന ഉത്തരവുകൾ നടപ്പാക്കാനുള്ള നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. 18 വർഷം പിന്നിട്ടിട്ടും 26/11 ആക്രമണത്തിന്റെ മുഴുവൻ ഗൂഢാലോചനാ ശൃംഖലയെയും നിയമത്തിന് മുന്നിലെത്തിക്കാനായിട്ടില്ലെന്നതാണ് നിലവിലെ സാഹചര്യം.
