ഭാര്യയും ഭർത്താവും എന്നതിനപ്പുറം തങ്ങൾക്കിടയിൽ മനോഹരമായൊരു സൗഹൃദമുണ്ടെന്ന് തുറന്നുപറയുകയാണ് നടൻ വിശാഖ് നായർ. അഞ്ച് വർഷത്തെ ദാമ്പത്യജീവിതത്തിൽ പരസ്പരം മനസിലാക്കാനും കളിയാക്കാനും വിമർശിക്കാനുമുള്ള സ്വാതന്ത്ര്യമാണ് തങ്ങളുടെ ബന്ധത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് താരം പറയുന്നു. ലോകത്ത് മറ്റാരെക്കാളും തന്നെ മനസിലാക്കുന്നത് ഭാര്യയാണെന്നും തന്റെ ഏറ്റവും സ്വകാര്യമായ ചിന്തകളും അരക്ഷിതാവസ്ഥകളും അവളോടാണ് പങ്കുവെക്കുന്നതെന്നും വിശാഖ് പറയുന്നു.
ഉള്ളിലെ കുട്ടിയെപ്പോലും പങ്കാളിയുടെ മുന്നിൽ മടിയില്ലാതെ പുറത്തുകൊണ്ടുവരാൻ കഴിയുന്ന അടുപ്പമാണ് ഒരു ബന്ധത്തിൽ പ്രധാനമെന്നും താരം കൂട്ടിച്ചേർത്തു. ഭാര്യയാണെന്ന പേരിൽ ചായ എടുത്തുതരണമെന്ന് ആവശ്യപ്പെട്ടാൽ തന്റെ വീട്ടിൽ നടക്കില്ലെന്നും വിശാഖ് തമാശരൂപേണ പറഞ്ഞു. പരസ്പരം കളിയാക്കാനും ട്രോൾ ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഇരുവർക്കുമുണ്ടെന്നും താരം വ്യക്തമാക്കി. സിനിമയിലെ ചുംബനരംഗങ്ങളോടുള്ള ഭാര്യയുടെ സമീപനത്തെക്കുറിച്ചും വിശാഖ് മനസുതുറന്നു.
അത്തരം രംഗങ്ങൾ അവൾക്ക് ഇഷ്ടമല്ലെങ്കിലും കഥാപാത്രത്തിന് അനിവാര്യമാണെങ്കിൽ ചെയ്തോളൂ എന്നാണ് പറയാറുള്ളത്. എന്നാൽ അത്തരമൊരു രംഗം കഥാപാത്രത്തിന് ആവശ്യമായി വരുന്നത് എന്തുകൊണ്ടാണെന്ന് ഭാര്യയെ മനസിലാക്കിക്കൊടുക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും വിശാഖ് നായർ പറയുന്നു. പരസ്പര വിശ്വാസവും തുറന്ന സംസാരവുമാണ് തങ്ങളുടെ ദാമ്പത്യബന്ധത്തിന്റെ കരുത്തെന്നാണ് താരത്തിന്റെ വാക്കുകൾ.
