കൊലവിളിയുമായി ടി ഐ മധുസൂദനൻ

കണ്ണൂർ: ധനരാജ് വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ വിവാദ പ്രസ്താവനകളുമായി CPIM നേതാവ് ടി.ഐ. മധുസൂദനൻ. വിധി പ്രസ്താവിച്ച കോടതിയെ വിമർശിച്ച അദ്ദേഹം രാഷ്ട്രീയ എതിരാളികൾക്കെതിരെയും രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പയ്യന്നൂരിൽ DYFI സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം. ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യത്തെ തടവും ശിക്ഷയും നൽകി ഇല്ലാതാക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചീമേനി കൂട്ടക്കൊല പരാമർശിച്ചുകൊണ്ട്, അന്ന് പ്രതികൾ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും അവരാരും ഇന്ന് ജീവനോടെയില്ലെന്ന പരാമർശവും നടത്തി. ‘കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞ് തന്നെ തീർക്കും’ എന്ന അദ്ദേഹത്തിന്റെ വാക്കുകളും വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. ഇതിന് പുറമെ, സോഷ്യൽ മീഡിയയിലൂടെ വിമർശിക്കുന്നവർക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. പയ്യന്നൂരിൽ തങ്ങളെ പരിഹസിക്കുന്നവർ തെരുവിലിറങ്ങുമ്പോൾ ചില കാര്യങ്ങൾക്ക് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ക്ഷമ പരീക്ഷിച്ച് ആരും മുന്നോട്ടുപോകേണ്ടെന്നും മുന്നറിയിപ്പ് നൽകി. ഇടതുപക്ഷത്തെയും നേതാക്കളെയും കുടുംബങ്ങളെയും സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച് ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിലെ ഈ പരാമർശങ്ങൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കോടതിവിധിയോടുള്ള പ്രതികരണവും രാഷ്ട്രീയ എതിരാളികൾക്കെതിരായ മുന്നറിയിപ്പുകളും ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *