ഫെയർനെസ് ക്രീമുകളിൽ വിഷാംശം

തിരുവനന്തപുരം: ഫൈസ, ഗോറി എന്നീ പാകിസ്താൻ നിർമ്മിത ഫെയ്സ് ക്രീമുകളിൽ അപകടകരമായ അളവിൽ മെർക്കുറി കണ്ടെത്തിയതിനെ തുടർന്ന് ഇവ ഉപയോഗിക്കരുതെന്ന് കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകി. ക്രീമുകളുടെ വിൽപ്പന നിരോധിക്കണമെന്നും സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ വകുപ്പ് ശുപാർശ ചെയ്തിട്ടുണ്ട്.

നേരത്തെ എഫ് ട്യൂൺ ഫെയ്സ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറത്തെ പതിനേഴുകാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവവും പുറത്തുവന്നിരുന്നു. ക്രീമിലെ അമിത മെർക്കുറിയാണ് രോഗത്തിന് കാരണമെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വ്യാജ സൗന്ദര്യവർധക വസ്തുക്കൾ കണ്ടെത്തുന്നതിനായി ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി വ്യാപക പരിശോധനയാണ് നടക്കുന്നത്. തൃശ്ശൂരിലും മലപ്പുറത്തും വ്യാജ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ നിർബന്ധമായും ബിൽ വാങ്ങണമെന്നും അധികൃതർ നിർദേശിച്ചു. ബില്ലില്ലാതെ ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കാൻ വ്യാപാരികൾക്കും അനുമതിയില്ല. ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ക്രീമുകൾ ഉപയോഗിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *