സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഇന്നലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തിയ സ്വർണവിലയാണ് ഇന്ന് ഒറ്റയടിക്ക് കുതിച്ചുയർന്നത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 1,920 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 92,320 രൂപയായി ഉയർന്നു. ഗ്രാമിന് 240 രൂപ വർധിച്ച് 11,540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തിയിരുന്നത്. നവംബർ 5, 6 തീയതികളിൽ ഗ്രാമിന് 13,385 രൂപ (പവന് 1,07,080 രൂപ) എന്ന ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷം വില പടിപടിയായി കുറഞ്ഞുവരികയായിരുന്നു.

ഇന്നലെ ഉച്ചയോടെ ഗ്രാമിന് 11,300 രൂപയായും പവന് 90,400 രൂപയായും വില താഴ്ന്നിരുന്നു. എന്നാൽ ആശ്വാസത്തിന് അധികം ആയുസ്സില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്ന് വിപണി തുറന്നപ്പോൾ തന്നെ വില കുത്തനെ ഉയർന്നത്. വിവാഹ സീസൺ അടുത്തിരിക്കെ വിലയിലുണ്ടായ ഈ അപ്രതീക്ഷിത വർധനവ് സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ നേരിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 165 രൂപ മുതൽ 185 രൂപ വരെയാണ് ഇന്നത്തെ വിപണി നിരക്ക്. കിലോഗ്രാമിന് ഏകദേശം 1,64,900 രൂപ മുതൽ 1,85,000 രൂപ വരെയാണ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണ, വെള്ളി നിരക്കുകളെ സ്വാധീനിക്കുന്നത്. പണിക്കൂലിയും ജി.എസ്.ടിയും ചേരുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾ ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ടി വരും

Leave a Reply

Your email address will not be published. Required fields are marked *