തിരുവനന്തപുരത്ത് വെള്ളക്കെട്ട്; 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ ശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട്. ഒരുമണിക്കൂറിനിടെ ഈസ്റ്റ് ഫോർട്ടിൽ 91 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. തമ്പാനൂർ, റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരങ്ങളിലാണ് മഴ കൂടുതൽ ദുരിതം സൃഷ്ടിച്ചത്. റോഡുകളിൽ വെള്ളം കയറിയതോടെ യാത്രക്കാരും വാഹനയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായി. ചിലയിടങ്ങളിൽ വാഹനങ്ങൾ വെള്ളത്തിൽ മുങ്ങുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

അതേസമയം, സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, ഇടുക്കി, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്രയും ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ നിൽക്കാതിരിക്കാനും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കണം. വരും മണിക്കൂറുകളിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൂടി നിരീക്ഷിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *