‘മീശയുള്ളയാളായിരിക്കും അടുത്ത മുഖ്യമന്ത്രി’; യോഗിയെയും അഖിലേഷിനെയും പരിഹസിച്ച് ഒവൈസി

ലഖ്‌നൗ: ഉത്തർപ്രദേശിൽ 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോരാട്ടത്തിൽ പുതിയ പരാമർശവുമായി എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. യോഗി ആദിത്യനാഥും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും അടുത്ത മുഖ്യമന്ത്രിയാകില്ലെന്നും മീശയുള്ള ഒരാളായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നുമാണ് ഒവൈസിയുടെ പരിഹാസം. സമാജിക് പരിവർത്തൻ മോർച്ചയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ചന്ദ്രശേഖർ ആസാദിനെ ഉയർത്തിക്കാട്ടിയായിരുന്നു പരാമർശം.

ലഖ്‌നൗവിൽ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമാജിക് പരിവർത്തൻ മോർച്ചയുടെ ആദ്യ സംയുക്ത റാലിയിൽ സംസാരിക്കുകയായിരുന്നു ഒവൈസി. താടിയുള്ളവരും മീശയുള്ളവരും ചേർന്ന സഖ്യമാണിതെന്ന് ഒരാൾ പറഞ്ഞതായി ചൂണ്ടിക്കാട്ടിയ ഒവൈസി, വടക്കേന്ത്യൻ രാഷ്ട്രീയത്തിലെ രണ്ട് പ്രമുഖരായ യോഗിയെയും അഖിലേഷിനെയും ലക്ഷ്യമിട്ടാണ് പരാമർശം നടത്തിയത്. ക്ലീൻ ഷേവ് ചെയ്ത മുഖവും മുടിയില്ലാത്ത തലയും അടുത്ത മുഖ്യമന്ത്രിയാകില്ലെന്നും മീശയുള്ളയാളായിരിക്കും ആ സ്ഥാനത്തെത്തുകയെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇവിടെ മീശയുള്ളയാൾ എന്ന പരാമർശം സഖ്യത്തിന്റെ മുഖ്യമന്ത്രി മുഖമായി അവതരിപ്പിക്കുന്ന ചന്ദ്രശേഖർ ആസാദിനെ ഉദ്ദേശിച്ചുള്ളതാണ്. എഐഎംഐഎമ്മും ആസാദിന്റെ ആസാദ് സമാജ് പാർട്ടി (കാൻഷിറാം)യും ചേർന്നാണ് സമാജിക് പരിവർത്തൻ മോർച്ച രൂപീകരിച്ചത്. 2027ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെയും സമാജ്‌വാദി പാർട്ടിയെയും മറികടന്ന് പുതിയ രാഷ്ട്രീയ ബദലായി മുന്നോട്ടുവരാനാണ് സഖ്യത്തിന്റെ ശ്രമം.

ചുവന്ന തൊപ്പിയെയും കാവി രാഷ്ട്രീയത്തെയും പിന്തുണയ്ക്കില്ലെന്നും ഒവൈസി റാലിയിൽ വ്യക്തമാക്കി. യാദവ് കുടുംബത്തിന്റെ ഭരണത്തിന് പകരം ജനങ്ങളുടെ ഭരണമാണ് വേണ്ടതെന്നും ദളിതർക്കും പിന്നാക്കക്കാർക്കും അടിച്ചമർത്തപ്പെട്ടവർക്കും പ്രാതിനിധ്യമുള്ള സർക്കാർ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ മുസ്ലിംകൾക്കും ദളിതർക്കും നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾക്ക് സമാജ്‌വാദി പാർട്ടിയുടെ രാഷ്ട്രീയവും ഉത്തരവാദിയാണെന്ന ആരോപണവും ഒവൈസി ഉന്നയിച്ചു.

അഖിലേഷ് യാദവിനെതിരെ കുടുംബാധിപത്യവും ജാതി രാഷ്ട്രീയവും ആരോപിച്ച ഒവൈസി, മുസ്ലിംകൾക്ക് രാഷ്ട്രീയ പ്രാതിനിധ്യം നൽകുന്നതിൽ സമാജ്‌വാദി പാർട്ടി വീഴ്ച വരുത്തുന്നുവെന്നും വിമർശിച്ചു. മുസ്ലിം വോട്ടുകൾ സ്വീകരിക്കുമ്പോഴും സ്ഥാനാർഥി നിർണയത്തിൽ അവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു ആരോപണം.

അതേസമയം, ഉത്തർപ്രദേശിൽ ബുൾഡോസർ നടപടികളിലൂടെയോ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെയോ അല്ല നീതി നടപ്പാക്കേണ്ടതെന്നും ഭരണഘടന അനുസരിച്ചായിരിക്കണം നീതിനിർവഹണമെന്നും ഒവൈസി പറഞ്ഞു. കുറ്റവാളികൾക്ക് നിയമപ്രകാരം ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കും സമാജ്‌വാദി പാർട്ടിക്കും പുറമെ മൂന്നാം രാഷ്ട്രീയ മുന്നണി ഉയർത്തിക്കാട്ടാനുള്ള ശ്രമത്തിലാണ് ഒവൈസിയും ചന്ദ്രശേഖർ ആസാദും. യോഗിയെയും അഖിലേഷിനെയും ലക്ഷ്യമിട്ടുള്ള ഒവൈസിയുടെ മീശ പരാമർശം ഈ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *