ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനം ഹൈദരാബാദിലെ സൈനിക കന്റോൺമെന്റ് മേഖലയിൽ അടിയന്തരമായി ഇറക്കി. വ്യാഴാഴ്ച ഗോൽകൊണ്ടയിലെ ആർമി കന്റോൺമെന്റ് പ്രദേശത്താണ് സെസ്ന C-152 വിമാനം നിർബന്ധിത ലാൻഡിങ് നടത്തിയത്. ലാൻഡിങ്ങിനിടെ വിമാനം മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
VT-YOU രജിസ്ട്രേഷനിലുള്ള വിമാനത്തിൽ വിദ്യാർഥി പൈലറ്റും പരിശീലകനുമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ വിദ്യാർഥി പൈലറ്റിന് തലയ്ക്ക് പരിക്കേറ്റു. ഇയാളെ ചികിത്സയ്ക്കായി സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവിന് തുന്നലിടേണ്ടിവന്നതായും റിപ്പോർട്ടുകളുണ്ട്. വിമാനത്തിലുണ്ടായിരുന്ന പരിശീലകന് പരിക്കുകളില്ല.
അടിയന്തരമായി വിമാനം ഇറക്കേണ്ടിവന്നതിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ഔദ്യോഗിക വിശദീകരണവും അന്വേഷണ വിവരങ്ങളും പുറത്തുവരാനുണ്ട്.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് റിപ്പോർട്ട് പുതുക്കും.
