ഷൂട്ടിങ് സെറ്റിലുണ്ടായ അപ്രതീക്ഷിത അപകടത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി കിടപ്പിലാണെന്ന് തുറന്നുപറഞ്ഞ് നടി പദ്മപ്രിയ. മലയാള സിനിമയുടെ ചിത്രീകരണത്തിനിടെ ചാടിയഭിനയിക്കുന്ന രംഗത്തിൽ കാൽ തെറ്റി വീഴുകയായിരുന്നു. ഇതോടെ കാലിലെ ACL ലിഗമെന്റിന് ഗുരുതരമായി പരിക്കേൽക്കുകയും പൂർണമായി പൊട്ടുകയും ചെയ്തു. പരിക്ക് കാരണം ഒരു മാസത്തോളം വിശ്രമത്തിൽ കഴിയേണ്ടി വന്നെന്നും ഈ കാലയളവ് മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും താരം പറയുന്നു.
സിനിമയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് അപകടം സംഭവിച്ചത്. അതിനൊപ്പം ചെറിയ കുഞ്ഞിന്റെ അമ്മയും നർത്തകിയുമായ തനിക്ക് ഈ സാഹചര്യം വലിയ വെല്ലുവിളിയായി. സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിന്ന പദ്മപ്രിയ ഇപ്പോൾ തന്റെ ആരോഗ്യവീണ്ടെടുപ്പിന്റെ യാത്ര ആരാധകരുമായി പങ്കുവെക്കാനൊരുങ്ങുകയാണ്. വരും ദിവസങ്ങളിൽ ചികിത്സയും തിരിച്ചുവരവും സംബന്ധിച്ച കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കുമെന്നും താരം അറിയിച്ചു.
ഈ പരിക്കിനെ അതിജീവിക്കുന്നതിനിടെ ഫിറ്റ്നസ്, ഭക്ഷണക്രമം, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ കാര്യങ്ങളിലും താരത്തിന് നിരവധി ആശങ്കകളുണ്ടായിരുന്നു. വായനയിലൂടെയും മറ്റ് കാര്യങ്ങളിലൂടെയും സമയം ചെലവഴിച്ചെങ്കിലും ഈ അവസ്ഥയോട് പൊരുത്തപ്പെടുക എളുപ്പമായിരുന്നില്ല. തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നതിലൂടെ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്ക് സഹായകരമാകുമെന്നാണ് പദ്മപ്രിയയുടെ പ്രതീക്ഷ.



