മലയാള സിനിമയിൽ വീണ്ടും ഒരു ദുരൂഹതയുടെ ലോകം തുറക്കുകയാണ്, ജയസൂര്യ നായകനാകുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ ചാപ്റ്റർ 1’ന്റെ ടീസർ പുറത്തിറങ്ങി. കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന നിഗൂഢ ആചാരമായ ‘കറുത്തച്ചനൂട്ട്’ ആണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്ന സൂചനയാണ് ടീസർ നൽകുന്നത്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നൈല ഉഷയാണ് നായിക. വിജയ് ബാബു, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഭീതിയും ഉദ്വേഗവും നിറഞ്ഞ ദൃശ്യങ്ങൾ ഇതിനോടകം പ്രേക്ഷകരിൽ ആകാംക്ഷയുണർത്തിയിട്ടുണ്ട്. ഡിസംബർ മൂന്നിനാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. മുജീബ് മജീദാണ് സംഗീതം ഒരുക്കുന്നത്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് മലയാള സിനിമയുടെ സംഗീതാവകാശം സ്വന്തമാക്കിയെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.



