തിരുവനന്തപുരം: മണ്ണ് മാഫിയയുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്ന ആരോപണത്തിൽ ഒരു ഡിവൈഎസ്പി അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവ്. ഡിവൈഎസ്പി നന്ദകുമാർ, എസ്ഐ സുമേഷ് രാജ്, എസ്‌സിപിഒ ജിനു, ജിഎഎസ്ഐ ഹരികൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി.
റൗഡി പട്ടികയിൽ ഉൾപ്പെട്ട ശരത്തുമായി പൊലീസ് ഉദ്യോഗസ്ഥർ നിരന്തരം ബന്ധം പുലർത്തിയിരുന്നതായി ക്രൈംബ്രാഞ്ച് എഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡിജിപി ശുപാർശ ചെയ്തു. തുടർന്നാണ് വകുപ്പുതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.
നേരത്തെ സസ്പെൻഷനിലായിരുന്ന ഡിവൈഎസ്പി നന്ദകുമാർ ഏതാനും മാസം മുമ്പാണ് സർവീസിൽ തിരിച്ചെത്തിയത്. നാല് ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല അന്വേഷണത്തിലൂടെ ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.



