ന്യൂഡൽഹി: വായുമലിനീകരണം അതീവ മോശം നിലയിലേക്ക് ഉയർന്നതോടെ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) ജിആർഎപി മൂന്നാം ഘട്ട നിയന്ത്രണങ്ങൾ നടപ്പാക്കി. വായുനിലവാര സൂചിക 382 ആയി ഉയർന്നതോടെയാണ് നടപടി. എക്യുഐ 400 കടന്നാൽ വായുനിലവാരം ‘ഗുരുതരം’ എന്ന വിഭാഗത്തിലേക്ക് മാറും. പൊടിപടലങ്ങളും വാഹനങ്ങളിൽ നിന്നുള്ള പുക ഉൾപ്പെടെയുള്ള മലിനീകരണവും കുറയ്ക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം.
ജിആർഎപി മൂന്നാം ഘട്ടം നിലവിൽ വന്നതോടെ ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം ഉൾപ്പെടെയുള്ള മേഖലകളിൽ നിരവധി നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മണ്ണ് കുഴിക്കൽ, മണ്ണ് നിറയ്ക്കൽ, തുരക്കൽ, പൈലിങ്, കെട്ടിടങ്ങൾ പൊളിക്കൽ, ഇഷ്ടികപ്പണി, റോഡ് നിർമാണം, വലിയ അറ്റകുറ്റപ്പണികൾ തുടങ്ങിയവയ്ക്ക് വിലക്കുണ്ട്. പെയിന്റിങ്, പോളിഷിങ്, വാർണിഷിങ്, വലിയ തോതിലുള്ള വെൽഡിങ്, ഗ്യാസ് കട്ടിങ്, ടൈൽ-കല്ല് മുറിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും അനുവദിക്കില്ല.
സിമന്റ്, മണൽ, ഇഷ്ടിക, ഫ്ലൈ ആഷ്, പൊടിയുണ്ടാക്കുന്ന കല്ലുകൾ തുടങ്ങിയ നിർമാണ സാമഗ്രികളുടെ കൈമാറ്റം, കയറ്റൽ, ഇറക്കൽ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. നിർമാണാവശിഷ്ടങ്ങളും സാമഗ്രികളും കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ടാർ ചെയ്യാത്ത റോഡുകളിലൂടെയുള്ള യാത്രയും നിരോധിച്ചു.
അതേസമയം, ചില നിർമാണ പ്രവർത്തനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റെയിൽവേ, മെട്രോ, വിമാനത്താവളങ്ങൾ, അന്തർസംസ്ഥാന ബസ് ടെർമിനലുകൾ, ദേശീയ സുരക്ഷാ-പ്രതിരോധ പദ്ധതികൾ, ആശുപത്രികൾ, ദേശീയപാതകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി പ്രസരണ പദ്ധതികൾ, പൈപ്പ് ലൈനുകൾ, ടെലികോം, മലിനജല ശുദ്ധീകരണ പ്ലാന്റുകൾ, ജലവിതരണ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട നിർമാണങ്ങൾക്ക് ഇളവുണ്ട്. താരതമ്യേന കുറഞ്ഞ മലിനീകരണമുണ്ടാക്കുന്ന മറ്റ് പ്രവർത്തനങ്ങളും കർശനമായ പൊടി നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ച് തുടരാം.
പഴയ വാഹനങ്ങളുടെ യാത്രയ്ക്കും ജിആർഎപി മൂന്നാം ഘട്ടത്തിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ബിഎസ്-3 പെട്രോൾ വാഹനങ്ങൾക്കും ബിഎസ്-4 ഡീസൽ വാഹനങ്ങൾക്കും ഡൽഹിയിലും ഗുരുഗ്രാം, ഫരീദാബാദ്, സോനിപത്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ ജില്ലകളിലും നിരോധനമുണ്ട്. നാല് ചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകം. ഭിന്നശേഷിക്കാർക്ക് വ്യക്തിഗത യാത്രയ്ക്കായി പ്രത്യേകമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഡൽഹിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബിഎസ്-4, അതിൽ താഴെയുള്ള ഡീസൽ മീഡിയം ഗുഡ്സ് വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്. ഡൽഹിക്ക് പുറത്തു രജിസ്റ്റർ ചെയ്ത ബിഎസ്-4, അതിൽ താഴെയുള്ള ഡീസൽ മീഡിയം ഗുഡ്സ് വാഹനങ്ങൾക്കും ലൈറ്റ് ഗുഡ്സ് വാഹനങ്ങൾക്കും തലസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കില്ല.
ഡൽഹി-എൻസിആർ മേഖലയിൽ വായുമലിനീകരണം കുറയ്ക്കുന്നതിനായി നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. വായുനിലവാരം 400 എന്ന ഗുരുതര വിഭാഗത്തിലേക്ക് കടക്കാതിരിക്കാനുള്ള അടിയന്തര നടപടികളുടെ ഭാഗമായാണ് ജിആർഎപി മൂന്നാം ഘട്ട നിയന്ത്രണങ്ങൾ നടപ്പാക്കിയിരിക്കുന്നത്.



