തിരുവനന്തപുരം: കേരളത്തിലെ ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇടപെട്ട് പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി). വൈദ്യുതിയുടെ പീക്ക് ഡിമാൻഡ് സമയങ്ങളിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതി തയ്യാറാക്കണമെന്ന് കമ്മിറ്റി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
കേന്ദ്ര ഊർജ സെക്രട്ടറി, സംസ്ഥാന ഊർജ സെക്രട്ടറി, എൻടിപിസി ചെയർമാൻ എന്നിവർ സംയുക്തമായി ചർച്ച നടത്തി കേരളത്തിലെ ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള പദ്ധതി തയ്യാറാക്കണമെന്നാണ് കമ്മിറ്റിയുടെ നിർദേശം. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി. വേണുഗോപാൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നിർദേശങ്ങൾ പാലിച്ച് ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ എൻടിപിസിക്ക് നൽകിയ 300 ഏക്കർ ഭൂമി തിരിച്ചെടുക്കണമെന്ന പിഎസിയുടെ തീരുമാനം സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കായംകുളം എൻടിപിസി പ്ലാന്റിന്റെ പ്രവർത്തനവും കമ്മിറ്റി വിശദമായി ചർച്ച ചെയ്തിട്ടുണ്ട്.
അതേസമയം, രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ തീരുമാനങ്ങൾ വിശദീകരിക്കാനാണ് വാർത്താസമ്മേളനം വിളിച്ചതെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.



