ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യാ സഖ്യം. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം രാജ്യവ്യാപകമായി വീണ്ടും മിന്നൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. തുടർ സമരപരിപാടികൾ തീരുമാനിക്കാൻ രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളും ആലോചനയിലുണ്ട്.
ഡൽഹിയിലുള്ള പ്രവർത്തകസമിതി അംഗങ്ങൾ, ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ചുമതലയുള്ള നേതാക്കൾ, എംപിമാർ എന്നിവരെ രാഹുൽ ഗാന്ധി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിന് മുൻപ് വിഷയം ദേശീയതലത്തിൽ ശക്തമായി ഉയർത്തിക്കൊണ്ടുവരാനാണ് കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും നീക്കം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതിയും തിരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രതിഷേധത്തിൽ പ്രധാന ചർച്ചയാകും. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും ഉറപ്പാക്കാനാണ് ശ്രമം. വരും ദിവസങ്ങളിൽ ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ ശക്തമാകുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.



