ന്യൂഡല്‍ഹി: വിവാഹത്തോടെ സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം അവസാനിക്കുന്നില്ലെന്നും ഭര്‍തൃ ബലാത്സംഗം കുറ്റകരമാക്കാണോ എന്നത് സംബന്ധിച്ച നിയമവ്യവസ്ഥ പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി. ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. മൂന്ന് ആഴ്ചയ്ക്ക് ശേഷം കേസില്‍ അന്തിമ വാദം നടക്കും.
പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) സെക്ഷന്‍ 63ലെ എക്സെപ്ഷന് 2 ആണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്. ഇതുപ്രകാരം, 18 വയസ്സിനു മുകളിലുള്ള ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം വിവാഹിതരായ ദമ്പതികളുടെ കാര്യത്തില്‍ ബലാത്സംഗക്കുറ്റത്തിന് കീഴില്‍ വരില്ലെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, വിവാഹത്തോടെ സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം അവസാനിക്കുന്നില്ലെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി നിരീക്ഷിച്ചു.
‘വിവാഹം എന്നാല്‍ വ്യക്തിസ്വാതന്ത്ര്യത്തിന്റെ അന്ത്യമാണെന്ന വാദത്തോട് വിയോജിക്കുന്നു. എന്നാല്‍ നിലവിലുള്ള ക്രിമിനല്‍ നിയമം നമ്മള് പരിശോധിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു നിയമവ്യവസ്ഥ ഭരണഘടനാവിരുദ്ധമോ യുക്തിരഹിതമോ ആണെന്ന് കോടതി കണ്ടെത്തിയാല്‍ മാത്രമേ അതിനെതിരെ പ്രോസിക്യൂഷന് നടപടികള്‍ സാധ്യമാകൂ’ -ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി. നിലവിലുള്ള നിയമവ്യവസ്ഥയിലെ എക്സെപ്ഷന് നിലനില്ക്കുമ്പോള് തന്നെ പ്രോസിക്യൂഷന് സാധ്യമാണോ, ഈ ഒഴിവാക്കല്‍ ഭരണഘടനാപരമായി സാധുതയുള്ളതാണോ എന്നീ കാര്യങ്ങളാണ് കോടതി പരിശോധിക്കുക.
അതേസമയം, ഭര്‍തൃ ബലാത്സംഗത്തിന് നിയമത്തില്‍ ഇളവ് നല്കുന്ന നിലവിലെ വ്യവസ്ഥയെ കേന്ദ്രസര്‍ക്കാര്‍ പിന്തുണച്ചിട്ടുണ്ട്. ഭര്‍തൃ ബലാത്സംഗം കുറ്റകരമാക്കുന്നത് നിയമ നിര്‍മ്മാണ സഭയുടെയും എക്സിക്യൂട്ടീവിന്റെയും അധികാര പരിധിയിലുള്ള കാര്യമാണെന്നും, അത് സുപ്രീം കോടതിയല്ല ചെയ്യേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് നിയമപ്രശ്നത്തേക്കാള്‍ ഉപരി സാമൂഹിക പ്രശ്നമാണെന്നാണ് കേന്ദ്രം മുന്‍പ് വ്യക്തമാക്കിയിട്ടുള്ളത്.
ഭര്‍തൃ ബലാത്സംഗങ്ങള്‍ക്ക് നല്കുന്ന ഇളവ് ഭരണഘടനയുടെ 14,15, 19(1)(മ), 21 വകുപ്പുകളുടെ ലംഘനമാണെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് ഉള്‍പ്പടെ നല്കിയ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഭരണഘടന നല്കുന്ന അവകാശത്തിന് മുകളില്‍ വിവാഹത്തിന്റെ ഭാഗമായുള്ള സ്വകാര്യതയെ പ്രതിഷ്ഠിക്കുന്നതാണ് ഭര്‍തൃ ബലാത്സംഗങ്ങള്‍ക്ക് നല്കുന്ന ഇളവെന്നും ഹര്‍ജിയില്‍ പറയുന്നു.
ബലാത്സംഗങ്ങള്‍ തടയുന്ന നിയമത്തില്‍ വിവാഹിതയായ സ്ത്രീയും അവിവാഹിതയായ സ്ത്രീയെന്നും വേര്‍തിരിച്ചിട്ടില്ല. അതിനാല്‍തന്നെ പങ്കാളിയുടെ അനുമതിയില്ലാത്ത ഏതൊരു ബലാത്സംഗവും ക്രിമിനല്‍ കുറ്റമാക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. ശബരിമല യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകള്‍ക്ക് തുല്യമായ പങ്കാളിത്തം നല്‍കണമെന്ന് ഭരണഘടന ബെഞ്ച് വിധിച്ചിട്ടുള്ളതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇഷ്ടമില്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല എന്ന് പറയാനുള്ള അവകാശം സ്ത്രീകള്‍ക്ക് ഉണ്ടെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്.
……



