ഡൽഹി: കോൺഗ്രസ് സ്ത്രീ വിരുദ്ധ പാർട്ടിയാണെന്ന രീതിയിൽ ശശി തരൂർ സംസാരിച്ചെന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയെ ചൊല്ലി തർക്കം. വനിതാ ബിൽ ചർച്ച ചെയ്യാനുള്ള പ്രത്യേക സിറ്റിംഗിന് ശേഷം പാർലമെന്റിൽ കണ്ടപ്പോൾ തരൂർ ഈ രീതിയിൽ സംസാരിച്ചു എന്നാണ് കിരൺ റിജിജു ഒരഭിമുഖത്തിൽ പറഞ്ഞത്. സ്ത്രീകൾക്ക് എതിരാണ് താൻ എന്ന് ആരും പറയില്ലെന്ന് തരൂർ ഇതിന് മറുപടി പറഞ്ഞു. കോൺഗ്രസ് സ്ത്രീവിരുദ്ധമാണെങ്കിലും തനിക്ക് അങ്ങനെ ആവാൻ കഴിയില്ലെന്നാണ് തരൂർ അർത്ഥമാക്കിയതെന്നും കിരൺ റിജിജു അവകാശപ്പെട്ടു. കിരൺ റിജിജുവിന്റെ വാദം തള്ളിയ തരൂർ താൻ ഒരു തരത്തിലും ഇങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞു.
കോൺഗ്രസ് സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായത്തോട് താൻ യോജിച്ചു എന്ന കിരൺ റിജിജുവിന്റെ വാദം സത്യമല്ല. കോൺഗ്രസ് എന്നും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയാണു നിന്നതെന്നും സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ വനിതാ സംവരണ ബില്ലിനെ പാർട്ടി പിന്തുണച്ചതാണെന്നും തരൂർ ഓർമിപ്പിച്ചു. വനിതാ സംവരണം ഉടൻ നടപ്പാക്കുകയാണ് വേണ്ടതെന്നും തരൂർ എക്സിൽ കുറിച്ചു.



