സ്വകാര്യ സംഭാഷണങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ‘റെസ്ട്രിക്ടഡ് ചാറ്റ് ’ ഫീച്ചർ തിരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കൾക്കായി വാട്സാപ്പ് അവതരിപ്പിച്ചു. ആൻഡ്രോയിഡ് , ഐ ഓ സ് പ്ലാറ്റ്‌ഫോമുകളിലാണ് നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ ലഭ്യമാകുന്നത്.
ഒരു ചാറ്റ് റെസ്ട്രിക്ടഡ് ചാറ്റ് ആക്കിയാൽ, അതിലെ മീഡിയ ഫോണിന്റെ ഗാലറിയിലേക്ക് ഓട്ടോമാറ്റിക്കായി സേവ് ചെയ്യുന്നത് തടയും.
ചാറ്റ് എക്സ്പോർട്ട് ചെയ്യാനും ആ സംഭാഷണത്തിൽ മെറ്റാ എ ഐ ഉപയോഗിക്കാനും കഴിയില്ല. ഏറ്റവും ശ്രദ്ധേയമായ മാറ്റം, റെസ്ട്രിക്ടഡ് ചാറ്റ് ലിങ്ക് ചെയ്ത ഡിവൈസുകളിൽ ലഭ്യമാകില്ല എന്നതാണ്.ഇതുവഴി വാട്സാപ്പ് വെബ് ഉൾപ്പെടെയുള്ള ലിങ്ക്ഡ് ഡിവൈസസ് വഴി ചാറ്റ് ആക്സസ് ചെയ്യുന്നത് നിയന്ത്രിക്കാം.
ഫീച്ചർ നിലവിൽ തിരഞ്ഞെടുത്ത ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമാണ് ലഭിക്കുന്നത്. എല്ലാവർക്കുമായി സ്ഥിരം പതിപ്പിൽ ഇത് എപ്പോൾ എത്തുമെന്ന് വാട്സാപ്പ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം, റെസ്ട്രിക്ടഡ് ചാറ്റ് ഓണാക്കിയാലും ഇല്ലെങ്കിലും വാട്സാപ്പിലെ മെസേജുകളും കോളുകളും ഏൻഡ് -ടു -ഏൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് സംരക്ഷിക്കപ്പെടും.



