28 ദിവസങ്ങൾ പിന്നിട്ടപ്പോൾ ബിഗ് ബോസ് ഹൗസിൽ സംഭവബഹുലമായ നിമിഷങ്ങളാണ് അരങ്ങേറിയത്. അതിൽ ഏറ്റവും വലിയ ട്വിസ്റ്റായിരുന്നു കഴിഞ്ഞ ദിവസത്തെ മാസ് എവിക്ഷൻ. ഒറ്റയടിക്ക് ആറ് മത്സരാർത്ഥികളാണ് ഹൗസിൽ നിന്ന് പുറത്തായത്. സുമേഷ്, ഗായത്രി, ജസീല, രാകേഷ്, ശ്രീലക്ഷ്മി അറയ്ക്കൽ, ലോലീറ്റ എന്നിവർ യാത്ര പറഞ്ഞപ്പോൾ, മൃദുലയും അഞ്ജലിയും സീക്രട്ട് റൂമിലേക്ക് മാറി. ഇതോടെ ഹൗസിലെ സമവാക്യങ്ങൾ തന്നെ മാറി. എന്നാൽ അതിനുപിന്നാലെ എത്തിയ പുതിയ ട്വിസ്റ്റാണ് നാല് വൈൽഡ് കാർഡുകളുടെ എൻട്രി.
നിലീന, സുവർണ, വിപിൻ, വേദാങ്കി നാല് പുതിയ മുഖങ്ങൾ ഹൗസിൽ എത്തിയതോടെ മത്സരം വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.
അഭിഭാഷകരും അഭിനേതാക്കളും കണ്ടന്റ് ക്രിയേറ്റേഴ്സുമൊക്കെയായ ഇവർ ആദ്യ ദിവസം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അതേസമയം, പുതിയ മത്സരാർത്ഥികളെ ചുറ്റിപ്പറ്റി ഹൗസിൽ ഗ്രൂപ്പ് ചർച്ചകളും തന്ത്രങ്ങളും സജീവമായെന്നാണ് സൂചന. പ്രത്യേകിച്ച് ആസിഫ് ഗ്യാങ് പുതിയ വൈൽഡ് കാർഡുകളെ എങ്ങനെ നേരിടുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. നോബി, താഷി, ആസിഫ്, വിക്കി, രാഹുൽ ഈശ്വർ എന്നിവർ പുതിയ കളിക്കാർക്കെതിരെ തന്ത്രങ്ങൾ ഒരുക്കുന്നതായാണ് സൂചന.
ബിഗ് ബോസ് ഒരു ടാസ്കിന്റെയോ വോട്ടിന്റെയോ മാത്രം കളിയല്ല. ഓരോ സാഹചര്യത്തെയും എങ്ങനെ നേരിടുന്നു എന്നതാണ് ഇവിടെ ഓരോ മത്സരാർത്ഥിയുടെയും യഥാർത്ഥ പരീക്ഷണം. മാസ് എവിക്ഷനിലൂടെ ഒരുപാട് പേരെ നഷ്ടപ്പെട്ട ഹൗസിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത് പുതിയ നാല് മുഖങ്ങളാണ്.പുതിയ വൈൽഡ് കാർഡുകൾ കളിയുടെ ഗതി മാറ്റുമോ?



