കൊല്ലം : പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. കാർത്തികേയൻ സ്ഥലത്തെത്തി താത്കാലിക പരിഹാര നടപടികൾ പ്രഖ്യാപിച്ചതോടെയാണ് കടശേരി പുന്നല മോഡൽ ഫോറസ്റ്റ് സ്റ്റേഷന് മുന്നിലെ ഉപരോധം അവസാനിപ്പിച്ചത്.
പ്രദേശത്ത് തുടരുന്ന കാട്ടാനയെ കണ്ടെത്തുന്നതിനായി ഇന്ന് രണ്ട് സംഘങ്ങളായി ആർ.ആർ.ടി പരിശോധന നടത്തും. നാളെ മുതൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും ആരംഭിക്കും. ആനയുടെ സാന്നിധ്യം സ്ഥിരീകരിച്ചാൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് ആനയെ ഉൾക്കാട്ടിലേക്ക് തുരത്തുമെന്ന് വനംവകുപ്പ് അറിയിച്ചു.
അതിനിടെ, കാട്ടാന ആക്രമണത്തിൽ മരിച്ച രാജമ്മയുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് എംഎൽഎ ജ്യോതികുമാർ ചാമക്കാല അറിയിച്ചു. അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നൽകും. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എംഎൽഎ വ്യക്തമാക്കി.
ഇന്ന് രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴാണ് കടശേരി സ്വദേശിനിയായ രാജമ്മയ്ക്ക് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രാജമ്മ പിന്നീട് മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് കാട്ടാന ഭീഷണി ഉയർത്തി നാട്ടുകാർ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.



