കൊച്ചി: വൈകുന്നേരങ്ങളില്‍ എറണാകുളത്തുനിന്ന് കോട്ടയം വഴി തെക്കന്‍ ജില്ലകളിലേക്ക് പോകുന്ന വേണാട് എക്‌സ്പ്രസ്സിലെ അമിത തിരക്കിന് പരിഹാരമായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. എറണാകുളം-കോട്ടയം-ചെങ്ങന്നൂര്‍-കൊല്ലം റൂട്ടില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. പുതിയ ട്രെയിനിന്റെ ആദ്യ സര്‍വീസ് 10 ദിവസത്തിനകം ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
പുതിയ ട്രെയിന്‍ വൈകിട്ട് 4 മണിയോടെ എറണാകുളം ജങ്ഷനില്‍നിന്ന് (വേണാട് എക്‌സ്പ്രസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി) സര്‍വീസ് ആരംഭിക്കും. കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം വഴി കൊല്ലം വരെയായിരിക്കും ആദ്യഘട്ട സര്‍വീസ്. കൊല്ലത്തുനിന്ന് പുനലൂരിലേക്ക് നീട്ടുന്നതിനുള്ള സാധ്യതയും റെയില്‍വേ പരിശോധിച്ചു വരുന്നു. മെമു അല്ലെങ്കില്‍ ഐസിഎഫ് കോച്ചുകള്‍ ഉപയോഗിച്ചായിരിക്കും സര്‍വീസ് നടത്തുക.
ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ട കൊടിക്കുന്നില്‍ സുരേഷ്, വേണാട് എക്‌സ്പ്രസ്സിലെ യാത്രാദുരിതത്തിന്റെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. മന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദ്ദേശപ്രകാരം റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേയിലെ ചീഫ് പാസഞ്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് മാനേജര്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓഫീസ് സമയത്തിന് ശേഷം മടങ്ങുന്ന ജീവനക്കാര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരടക്കം ആയിരക്കണക്കിന് സ്ഥിരം യാത്രക്കാര്‍ക്ക് വേണാട് എക്‌സ്പ്രസ്സിലെ തിരക്ക് കാരണം നേരിടേണ്ടി വന്നിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പുതിയ സര്‍വീസ് വലിയ ആശ്വാസമാകും.



