കൊച്ചി: മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിൽ വിജിലൻസ് പരിശോധന. പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ ഉൾപ്പെടെയുള്ള സംഘമാണ് പരിശോധന നടത്തിയത്. വിവിധ വകുപ്പുകളില്‍നിന്ന് ഫ്ലാറ്റിന്‍റെ നിജസ്ഥിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും തുടര്‍നടപടി. ജിസിഡിഎ, കോർപ്പറേഷൻ, കരാറുകാരായ ടിഡിഎൽസി എന്നിവരിൽനിന്നും വിജിലൻസ് സംഘം രേഖകൾ ശേഖരിക്കും. വിവിധ വകുപ്പുകളുടെ പരിശോധന റിപ്പോർട്ട് കൂടി ലഭിച്ചശേഷം മറ്റ് നടപടികൾ ഉണ്ടാവുക.
സർക്കാർ പ്രഖ്യാപിച്ച പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് വിജിലൻസ് സംഘം ഫ്ലാറ്റിൽ എത്തിയത്. നിർമ്മാണ അപാകതകൾ മനസ്സിലാക്കാനായി പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ വിജിലൻസ് സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ഫ്ലാറ്റുകൾക്കുള്ളിലും പുറത്തുമുള്ള അപാകതകൾ താമസക്കാർ വിജിലൻസിനോട് വിശദീകരിച്ചു. പരിശോധനയ്ക്കുശേഷം തുടർനടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് താമസക്കാരും പറഞ്ഞു. എന്നാൽ, വിജിലൻസ് ഉദ്യോഗസ്ഥർക്ക് സിപിഎമ്മുമായി രാഷ്ട്രീയ ബന്ധമുണ്ടെന്നും ഉദ്യോഗസ്ഥരെ മാറ്റണമെന്നും സമരസമിതി ആവശ്യപ്പെട്ടു.



