തിരുവനന്തപുരം: 2023ലെ തിരുവിതാംകൂര്‍ ബോര്‍ഡ് സെക്രട്ടറി നിയമനത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരായ അച്ചടക്ക നടപടി ആവശ്യത്തിൽ നിയമോപദേശം തേടി ബോര്‍ഡ്. തിരുവാഭരണം കമ്മീഷണറായിരുന്ന ജി ബൈജുവിനെ സ്പെഷൽ റൂള്‍സിന് വിരുദ്ധമായി സ്ഥലം മാറ്റത്തിലൂടെ സെക്രട്ടറിയാക്കിയെന്ന പരാതിയിലാണ് ഉപദേശം തേടിയത്. നിലവിൽ ദേവസ്വം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമാണ് ബൈജു.
2023 ജൂണ്‍ 13ന് ജി ബൈജുവിനെ സെക്രട്ടറിയായി സ്ഥലം മാറ്റി ബോര്‍ഡ് ഇറക്കിയ ഉത്തരവ് 2022 ജൂണ്‍ 20ന് നിലവിൽ വന്ന സ്പെഷൽ റൂള്‍സിന് വിരുദ്ധമെന്നാണ് പരാതി. ഡെപ്യൂട്ടി കമ്മീഷണര്‍ തസ്തികയിൽ ബിരുദമുള്ളവരെ സ്ഥാനക്കറ്റം വഴി നിയമിക്കണമെന്നാണ് സ്പെഷൽ റൂള്‍സിലെ നിര്‍ദേശം. വകുപ്പുതല പ്രൊമോഷൻ സമിതി അംഗീകരിച്ച പട്ടികയിലുള്ളവരെയാണ് സ്ഥാനക്കയറ്റത്തിന് പരിഗണിക്കേണ്ടത്. ഇതിന് വിരുദ്ധമായി തിരുവാഭരണം കമ്മീഷണറായിരുന്ന ബൈജുവിനെ സ്ഥലം മാറ്റിയതെന്നാണ് വാദം.
തിരുവാഭരണം കമ്മീഷണര്‍ പദവിയ്ക്ക് ബൈജുവിന് 2022 ജൂണ്‍ രണ്ടിന് താത്കാലികമായാണ് സ്ഥാനക്കയറ്റം നൽകിയത്. ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചും മാനദണ്ഡം മറികടന്നും സെക്രട്ടറി നിയമനത്തിന് വഴിയൊരുക്കിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിലാണ് ലോ ഓഫീസറുടെ ഉപദേശം ബോര്‍ഡ് തേടിയത്. അതേസമയം ബൈജുവിന്റെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരങ്ങള്‍ ബോര്‍ഡിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശി സുനിൽകുമാര്‍ തേടിയിരുന്നു. മറുപടിയില്ലാത്തതിനാൽ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകി. ബൈജു എതിര്‍ത്തെങ്കിലും രഹസ്യാത്മതയുള്ളതായി കാണാൻ കഴിയില്ലെന്ന് വ്യക്തമാക്കി വിവരങ്ങള്‍ നൽകാൻ നിര്‍ദേശിച്ചു.



