പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് രമേഷ് പിഷാരടി എംഎൽഎ ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. ജില്ലാ ആശുപത്രിയിലെ പ്രധാനപ്പെട്ട വിവിധ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ആശുപത്രിയുടെ പ്രവർത്തനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നതായി എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി. സീനിയർ കൺസൾട്ടന്റ് ജനറൽ മെഡിസിൻ, ഓർത്തോപീഡിക് സർജറി കൺസൾട്ടന്റ്, ഓർത്തോപീഡിക് സർജറി ജൂനിയർ കൺസൾട്ടന്റ്, ഇ.എൻ.ടി കൺസൾട്ടന്റ്, ഒഫ്താൽമോളജി കൺസൾട്ടന്റ്, ഫോറൻസിക് മെഡിസിൻ ചീഫ് കൺസൾട്ടന്റ്, ന്യൂറോളജി സൂപ്പർ സ്പെഷ്യാലിറ്റി കൺസൾട്ടന്റ്, കാർഡിയോളജി കൺസൾട്ടന്റ്, അനസ്തേഷ്യ സീനിയർ കൺസൾട്ടന്റ് തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകളുള്ളത്.
ഒഴിവുകൾ നികത്തി ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു. രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും ആശുപത്രിയിലെ നിലവിലുള്ള സേവനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ജീവനക്കാരുടെ കുറവ് പരിഹരിക്കേണ്ടത് അനിവാര്യമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
കൂടാതെ, ജില്ലയിലെ റീജിയണൽ പബ്ലിക് ഹെൽത്ത് ലാബുമായി ബന്ധപ്പെട്ട് ആവശ്യമായ തസ്തികാ ക്രമീകരണങ്ങൾ നടത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.



