പരാജയം അതിസൂക്ഷ്മമായി വിശകലനം ചെയ്യും; ടി പി രാമകൃഷ്ണൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി സൂക്ഷ്‌മമായി വിശകലം ചെയ്യുമെന്ന് പേരാമ്പ്ര എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. ഭരണ വിരുദ്ധ വികാരം ഉണ്ടായെന്നു തോന്നുന്നില്ല. ജനങ്ങളുടെ വിശ്വാസത്തിനും അഭിപ്രായത്തിനും അനുസരിച്ചു എൽഡിഎഫ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു അപ്രതീക്ഷിത തിരിച്ചടി ഉണ്ടായെന്നു കരുതി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുന്ന നിലപാട് ഇടതു മുന്നണിക്കില്ല. പ്രതികൂല സാഹചര്യത്തിലും ഇടതു മുന്നണിക്ക് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയ എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും ജനക്ഷേമ കാഴ്ചപ്പാട് ഇടതു മുന്നണി തുടരുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. 100ൽ അധികം സീറ്റ് കിട്ടുമെന്ന വി ഡി സതീശൻ പ്രവചനം ശരി ആയിരുന്നിരിക്കാം, എന്നാൽ അത് കരുതിയില്ലെന്നും അദ്ദേഹമ പറഞ്ഞു. കൂടാതെ, എൽഡിഎഫിന്റെ നിലപാടിൽ മാറ്റം വരുത്തും, ഞങ്ങൾ പി ആർ ഏജൻസിയുടെ അടുത്തേക്കല്ല പോകുന്നത്. ജനങ്ങളിലേക്ക് ഇറങ്ങും, അവർ പറയുന്നത് കേട്ടെ ഞങ്ങൾക്ക് തിരുത്താൻ കഴിയൂവെന്ന് അദേഹം കൂട്ടിച്ചേർത്തു.

മാത്രമല്ല, സിപിഐഎമ്മിലെ പോസ്റ്റർ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. പോസ്റ്ററിൽ സിപിഐഎമ്മിനോ, എൽഡിഎഫിനോ പങ്കില്ല. നേതൃമാറ്റം വരുത്തണമെന്ന ആലോചന പാർട്ടിയിൽ ഇല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. നിർഭയം അഭിപ്രായം പറയാമെന്ന എം വി ഗോവിന്ദന്റെ പ്രതികരണത്തിൽ, പാർട്ടിയിൽ ഏകാധിപത്യം ഉണ്ടെന്നല്ലേ ആരോപണങ്ങൾ ഉയരുന്നത് അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ‘നിർഭയമായി അഭിപ്രായം പറയാം’ എന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. അതൊരു പ്രയോഗമല്ലേയെന്നും തെറ്റായി വ്യാഖ്യാനിക്കേണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *