അബ്ദുൽ റഹീമിന്‍റെ വരവിനായി കാത്ത് നാട്

റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്ത പുറത്തുവന്നതിന്‍റെ ആശ്വാസത്തിലാണ് മലയാളികള്‍. റഹീമിന്റെ മോചനം അടുത്തയാഴ്ചയുണ്ടാകുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചിരുന്നു. കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ ഈ മാസം പൂർത്തിയാകുന്നതോടെയാണ് നിയമനടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. ശിക്ഷാ കാലാവധി കഴിയുന്നതോടെ സൗദി ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും. ഇതോടെ സൗദി സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാകും. തുടർന്ന് എത്രയും വേഗം യാത്രാ തീയതി നിശ്ചയിച്ച് നാട്ടിലേക്ക് മടങ്ങാനാവുമെന്നാണ് കരുതുന്നത്.

ജയിൽ മോചനത്തിന് മുന്നോടിയായി രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകനും കുടുംബത്തിന്‍റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ അറിയിച്ചു. എംബസി ഉദ്യോഗസ്ഥരുടെ സജീവമായ ഇടപെടൽ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *