കുവൈത്ത് : കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. മേയ് 26 ചൊവ്വാഴ്ച മുതൽ മേയ് 31 ഞായറാഴ്ച വരെ എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മേയ് 26 മുതൽ 29 വരെ ഔദ്യോഗിക അവധിയായും, മേയ് 30, 31 തീയതികൾ വിശ്രമ ദിനങ്ങളായും കണക്കാക്കും. ഔദ്യോഗിക പ്രവർത്തനങ്ങൾ ജൂൺ 1 തിങ്കളാഴ്ച പുനരാരംഭിക്കും. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രത്യേക സ്വഭാവമുള്ള ജോലിസംവിധാനങ്ങളുള്ള വകുപ്പുകൾ പൊതുതാൽപര്യം പരിഗണിച്ച് ബന്ധപ്പെട്ട അധികാരികൾ മുഖേന അവധി ക്രമീകരണങ്ങൾ തീരുമാനിക്കുമെന്ന് മന്ത്രിസഭ അറിയിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച് അമീർ ശൈഖ് മിശാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനും, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹിനും, രാജ്യത്തെ പൗരന്മാർക്കും പ്രവാസികൾക്കും മന്ത്രിസഭ ആശംസകൾ നേർന്നു. ഇസ്ലാമിക-അറബ് രാജ്യങ്ങൾക്ക് സമാധാനവും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
കുവൈത്തിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
