അബുദാബി : യു.എ.ഇ. ഭരണകൂടം നടത്തിവരുന്ന ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ കാംപെയ്ന്റെ ഭാഗമായി ഗാസയിലെ ജനങ്ങൾക്കായി 40 ട്രക്കുകളിലായി 540 ടൺ സഹായസാമഗ്രികൾ അയച്ചു. ഗാസയിലെ കുട്ടികളുടെ ദുരിതം ലഘൂകരിക്കുന്നതിനായുള്ള ഈദ് വസ്ത്രങ്ങളാണ് ഈ വാഹനവ്യൂഹത്തിൽ പ്രധാനമായും ഉള്ളതെന്ന് യു.എ.ഇ. ഔദ്യോഗിക വാർത്താ ഏജൻസിയായ വാം ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
പലസ്തീൻ ജനതയെ പിന്തുണയ്ക്കാനും പ്രത്യേകിച്ച് ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കും കുട്ടികൾക്ക് ആശ്വാസമെത്തിക്കാനുമുള്ള യു.എ.ഇ.യുടെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് 600 പെട്ടികളിലായി ഈ സഹായങ്ങളെത്തിക്കുന്നത്. മേഖലയിലെ സമീപകാല സംഘർഷങ്ങൾക്കിടയിലും ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യു.എ.ഇ. തങ്ങളുടെ മാനുഷിക സഹായപ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുകയാണ്.
