കുറ്റ്യാടി ചുരത്തിൽ അപകടം; നിയന്ത്രണംവിട്ട ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ മൂന്നാംവളവിനും നാലാംവളവിനും ഇടയിൽ നിയന്ത്രണം വിട്ട് ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ആണ് അപകടം ഉണ്ടായത്. വയനാട്ടിൽ നിന്നും വരികയായിരുന്ന ഹരിതം kari പൗഡറിന്റെ ലോറി നിയന്ത്രണം വിട്ട് രണ്ടു കാറുകളിൽ ഇടിച്ചശേഷം വയനാട്ടിൽ നിന്നും വളർത്തു പശുവിനെ കയറ്റിവന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. വാൻ പത്തടിയോളം താഴ്ചയിൽ കൽവർട്ടിനുള്ളിലേക്ക് മറിഞ്ഞു. ഡ്രൈവർ അരമണിക്കൂറോളം വാനിനുളളിൽ കുടുങ്ങിക്കിടന്നു. വാനിന്റെ ഡ്രൈവർ പന്തീരിക്കര സ്വദേശി മുഹമ്മദ്, വണ്ടിയിലുണ്ടായിരുന്ന മുട്ടുകാട് സ്വദേശികളായ വൈശാഖ്, വിജയൻ, ചുരം കയറി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിനി ഹിദ , റോഡിലുണ്ടായിരുന്ന ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരൻ രാജീവൻ ഉൾപ്പെടെ ഏഴുപേർക്കാണ് പരിക്കേറ്റത്. ഇവരെ തൊട്ടിൽപ്പാലം ഇഖ്‌റ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

നാദാപുരത്തുനിന്നെത്തിയ ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് പിക്കപ്പ് വനിലെ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. കൂടാതെ, കൽവർട്ടിനുള്ളിലേക്ക് തെറിച്ചുപോയ പശുവിനെയും ഫയർ ഫോഴ്‌സ് പുറത്തെത്തിച്ചു. മലയോര ഹൈവേ നിർമാണപ്രവർത്തനം നടക്കുന്ന ഭാഗത്ത് വാഹനങ്ങൾ സിഗ്നലിൽ നിർത്തിയ സമയത്താണ് നിയന്ത്രണം വിട്ട് വന്ന ലോറി ഇടിച്ച് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *