കുമളിയിൽ ക്ഷേത്രോത്സവത്തിനിടെ ആറ് പേർക്ക് ഇടിമിന്നലേറ്റു

ഇടുക്കി: കുമളി മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ ഉൾപ്പെടെ ആറ് പേർക്ക് ഇടിമിന്നലേറ്റു. പരുക്കേറ്റവരെ ഉടൻ കുമളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിയാർ‌ കടുവാ സങ്കേതത്തിലെ ഉൾവനത്തിലുള്ള ക്ഷേത്രമാണ് മംഗളാദേവി. ഇവിടെ ചിത്രപൗർ‌ണമിയുമായി ബന്ധപ്പെട്ട് ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെയാണ് ആറ് പേർക്ക് ഇടിമിന്നലേറ്റത്. തമിഴ്നാട് സ്വദേശിയായ നാല് പേർക്കും തിരുവനന്തപുരം സ്വദേശിയായ ഒരാൾക്കും ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോ​ഗസ്ഥനുമാണ് മിന്നലേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

അതേസമയം സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ ശക്തമാകും. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ മുന്നറിയിപ്പ് നൽകി. മെയ് മാസത്തിൽ കേരളത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *