കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിൻ്റെ പരാതിയിലാണ് മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ നോട്ടീസ് അയച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ അനൗൺസ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് ഇതിനോടകം വിവാദമായിരിക്കുകയാണ്.
അതേസമയം, അനൗണ്‍സ്മെന്‍റ് ശബദം സിപിഎം നേതാവിന്‍റേതെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി. അനൗണ്‍സ്മെന്‍റ് വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ അടക്കം നല്‍കി മൈക്ക് പെർമിഷൻ എടുത്തതാണ് പ്രധാന തെളിവായത്. വാഹനം എൽഡിഎഫിന്‍റേത് അല്ല എന്ന് പറഞ്ഞ് കൈയ്യൊഴിഞ്ഞെങ്കിലും പരാതി നല്‍കാൻ സിപിഎം തയ്യാറായിട്ടില്ല. സംഭവത്തിൽ കേസെടുക്കാത്തത് പ്രതിഷേധാർഹമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്‍ലിയ പ്രതികരിച്ചിരുന്നു. അനൗൺസ്മെന്‍റ് റെക്കോർഡ് ചെയ്തത് നടുവണ്ണൂരിലെ സ്റ്റുഡിയോയിൽ വച്ചാണെന്നും തെളിവുണ്ടെന്നും തെഹ്ലിയ പറഞ്ഞിട്ടുണ്ട്. ഫാത്തിമ തഹ്‌ലിയയെ പേരാമ്പ്രയിൽ സ്ഥാനാർത്ഥിയാക്കിയ മുസ്ലിംലീഗ് മതംപറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റാണ് എൽഡിഎഫ് പ്രചാരണ വാഹനത്തിലുണ്ടായിരുന്നതെന്നാണ് പരാതി.
അസാധാരണ വിവാദങ്ങൾ ഉയർന്നതോടെ സംസ്ഥാനത്തെ ശ്രദ്ധാകേന്ദ്രം ആവുകയാണ് പേരാമ്പ്ര. ഇരുമുന്നണികളെയും ജയിപ്പിച്ച ചരിത്രമുള്ള പേരാമ്പ്ര പക്ഷെ, 1980 മുതൽ ഇടതുമുന്നണിയുടെ കുത്തക സീറ്റാണ്. കഴിഞ്ഞതവണ ടി പി രാമകൃഷ്ണൻ 22,592 വോട്ടിന്‍റ് ഭൂരിപക്ഷത്തിനാണ് മുസ്ലിംലീഗിലെ സി എച്ച് ഇബ്രാഹിംകുട്ടിയെ തോൽപ്പിച്ചത്. 2016 ലെ 4101 എന്ന ഭൂരിപക്ഷത്തിൽ നിന്ന് വലിയ വർധനയാണ് കഴിഞ്ഞ തവണ ഉണ്ടായത്. പക്ഷെ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിന് 19,085 വോട്ടിന്‍റെ ഭൂരിപക്ഷം പേരാമ്പ്ര മണ്ഡലത്തിൽ കിട്ടിയത് സിപിഎമ്മിനെ ഞെട്ടിച്ചു. പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി സിപിഎമ്മിന് ഏൽക്കുകയും ചെയ്തിട്ടുണ്ട്. മണ്ഡലത്തിലെ പത്ത് പഞ്ചായത്തിൽ ആറും ഇപ്പോൾ ഭരിക്കുന്നത് യുഡിഎഫാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കണക്കിൽ എട്ടായിരത്തിലേറെ വോട്ടിന്‍റെ മുൻതൂക്കം യുഡിഎഫിന് കിട്ടിയിട്ടുണ്ട്.
