തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സിനെ തോല്പിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരം 21 റൺസിനായിരുന്നു കാലിക്കറ്റിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 15 ഓവറിൽ ആറ് വിക്കറ്റിന് 129 റൺസെടുത്ത് നിൽക്കെയാണ് മഴയെ തുടർന്ന് കളി നിർത്തിവച്ചത്. തുടർന്ന് കാലിക്കറ്റിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കാലിക്കറ്റിന് വേണ്ടി അർദ്ധസെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്കോർ: കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് – 20 ഓവറിൽ 195/6, ഏരീസ് കൊല്ലം സെയിലേഴ്സ് – 15 ഓവറിൽ 129/6.
അക്കൗണ്ട് തുറക്കും മുൻപെ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും തകർപ്പൻ തുടക്കമായിരുന്നു കാലിക്കറ്റിന്റേത്. ഇന്നിങ്സിലെ മൂന്നാം പന്തിൽ വരുൺ നായനാർ പുറത്തായെങ്കിലും ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. സീസണിൽ ആദ്യമായി ഫോമിലേക്ക് ഉയർന്ന രോഹൻ 21 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ചു. പവൻ രാജ് എറിഞ്ഞ അഞ്ചാം ഓവറിൽ രണ്ട് ഫോറും രണ്ട് സിക്സുമടക്കം 20 റൺസാണ് രോഹൻ നേടിയത്.
ഇടയ്ക്ക് കെ.എസ്. അരവിന്ദിന്റെ (7) വിക്കറ്റ് വീണെങ്കിലും അഖിൽ സ്കറിയ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി. 27 പന്തുകളിൽ ഏഴ് ഫോറും മൂന്ന് സിക്സുമടക്കം 58 റൺസെടുത്ത രോഹൻ കെ.ജി. അഖിലിന്റെ പന്തിൽ വിജയ് വിശ്വനാഥ് ക്യാച്ചെടുത്താണ് പുറത്തായത്. തുടർന്നെത്തിയ അബ്ദുൾ ബാസിതിനും(11) സൽമാൻ നിസാറിനും (9) അശ്വിൻ ആനന്ദിനും (5) താളം കണ്ടെത്താനാവാതെ പോയത് കാലിക്കറ്റിന്റെ റണ്ണൊഴുക്കിന് തടയിട്ടു.



