ദുബായ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന് മാനുഷിക പരിഗണനയും ശരിയായ ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് 21 പേരുള്‍പ്പെടുന്ന മുന്‍ ക്യാപ്റ്റന്മാര്‍ കത്തയച്ചു. ഇന്ത്യയുടെ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് ഉള്‍പ്പെടെയുള്ളവര്‍ കത്തില്‍ ഉപ്പുവച്ചിട്ടുണ്ട്. ആരോഗ്യനില സംബന്ധിച്ച ആശങ്കകള്‍ക്കിടയിലും കോടതി ഉത്തരവിട്ട വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് കത്തയിച്ചിരിക്കുന്നത്.
73 കാരനായ മുന്‍ പാക് ക്യാപ്റ്റന്‍ മൂന്ന് വര്‍ഷത്തിലധികമായി തടവിലാണ്. ആറ് മാസം മുമ്പ് 14 മുന്‍ അന്താരാഷ്ട്ര ക്യാപ്റ്റന്മാര്‍ അയച്ച കത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഏഴ് പേര്‍ കൂടി ഈ സംഘത്തോടൊപ്പം ചേര്‍ന്ന് പുതിയ കത്തയച്ചിരിക്കുന്നത്. രാഷ്ട്രീയത്തിനപ്പുറം ക്രിക്കറ്റ് മൈതാനത്ത് ഇമ്രാന്‍ ഖാനുമായി പങ്കിട്ട സൗഹൃദമാണ് ഈ ഇടപെടലിന് കാരണമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കോടതി ഉത്തരവ് പ്രകാരം സ്വകാര്യ ഡോക്ടര്‍മാരും സഹോദരി ഡോ. ഉസ്മ ഖാനും അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് ഇമ്രാന്‍ ഖാനെ പരിശോധിക്കാന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കൂടാതെ പ്രതിവാര കുടുംബ സന്ദര്‍ശനങ്ങളും കോടതി പുനഃസ്ഥാപിച്ചിരുന്നു.
എങ്കിലും, കോടതി നിര്‍ദ്ദേശിച്ച മെഡിക്കല്‍ ബോര്‍ഡിന് പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതിന് മുമ്പ് തന്നെ ഇമ്രാന്‍ ഖാനെ തിരിച്ച് ജയിലിലേക്ക് മാറ്റിയെന്നും, ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും മുന്‍ ക്യാപ്റ്റന്മാര്‍ ചൂണ്ടിക്കാട്ടുന്നു.



