തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. നിയമസഭയിൽ വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് യുഡിഎഫ് എംഎൽഎമാർക്കെതിരെ നൽകിയ പരാതിയിൽ അവസാന കേസും റദ്ദാക്കി ഹൈക്കോടതി. മുൻ എംഎൽഎ എ.ടി.ജോർജിനെതിരെ എൽഡിഎഫ് വനിതാ എംഎൽഎമാർ നൽകിയ കേസും ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് എംഎൽഎമാരായ ശിവദാസൻ നായർ, ഡൊമനിക് പ്രസന്റേഷൻ, എംഎ വാഹിദ്, എടി ജോർജ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.
സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുൻ നാട്ടിക എംഎൽഎ ഗീതാഗോപിയാണ് പരാതിക്കാരി. ഇതോടെ നിയമസഭ കയ്യാങ്കളി കേസിൽ ഇനി ഒരു കേസ് മാത്രമാണ് നിലനിൽക്കുക. ഇതോടെ ഇടത് എംഎൽഎമാർ വിചാരണ നേരിടേണ്ടി വരും. സ്ത്രീത്വത്തെ അപമാനിച്ച കേസ് റദ്ദാക്കിയതോടെ ഒറ്റ കേസ് ആയി വിചാരണ നടക്കും. ഈ കേസ് അടുത്ത മാസം 16ന് തിരുവനന്തപുരം സിജെഎം കോടതി കേസ് പരിഗണിക്കും.



