മുംബൈ: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനായി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച 15-കാരൻ വൈഭവ് സൂര്യവംശിയെ പ്രശംസകൊണ്ട് മൂടി ഓസ്‌ട്രേലിയൻ ക്യാപ്റ്റനും സൺറൈസേഴ്സ് ഹൈദരാബാദ് നായകനുമായ പാറ്റ് കമ്മിൻസ്. വിശ്വസിക്കാൻ കഴിയാത്ത പ്രകടനമാണ് ഈ പ്രായത്തിൽ വൈഭവ് പുറത്തെടുത്തതെന്നും അവൻ വെറുമൊരു പ്രതിഭയല്ല പ്രതിഭാസമാണെന്നും കമ്മിൻസ് വ്യക്തമാക്കി.
ഐപിഎല്‍ പ്ലേ ഓഫില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വൈഭവ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിരുന്നു. പാറ്റ് കമിന്‍സിനെ ഹാട്രിക് സിക്സ് പറത്തിയ വൈഭവ് 29 പന്തില്‍ 97 റണ്‍സടിച്ചാണ് പുറത്തായത്. ഐപിഎല്ലിന് ശേഷം ഓസ്ട്രേലിയയില്‍ തിരിച്ചെത്തിയ കമിന്‍സ് സിഡ്നി മോണിംഗ് ഹെറാൾഡിന് നൽകിയ അഭിമുഖത്തിലാണ് വൈഭവിനെ നേരിട്ടതിനെക്കുറിച്ചുള്ള തന്‍റെ അനുഭവം പങ്കുവെച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് ലോകം ഇപ്പോഴും ആ അവിശ്വസനീയതയിൽ നിന്ന് മുക്തരായിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അവൻ പ്രതിഭയുടെ മിന്നലാട്ടമല്ല, ഒരു യഥാർത്ഥ പ്രതിഭാസമാണ്. പന്ത് വളരെ മനോഹരമായി ഹിറ്റ് ചെയ്യുന്ന താരമാണവൻ. അവൻ അടിക്കുന്ന പന്തുകൾ ബൗണ്ടറിയില്‍ നിന്നും-20-30 മീറ്റർ ദൂരെയാണ് പോയി വീഴുന്നത്. അത്രയും കരുത്തനായ, ഒരുപാട് ഷോട്ടുകളുള്ള ഒരു ബാറ്റർക്കെതിരെ പന്തെറിയുമ്പോൾ ബൗളർമാർക്ക് പിഴവുകൾ വരുത്താനുള്ള സാധ്യത വളരെ കുറവാണ്. വൈഭവ് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി- കമിൻസ് പറഞ്ഞു.



