ഇന്ത്യയിലെ ക്യാംപസ് റിക്രൂട്ട്‌മെന്റ് രംഗത്ത് 2026-27ൽ നിയമനാവസരങ്ങൾ തുടരുമെന്ന് റിപ്പോർട്ട്. എന്നാൽ മുൻകാലത്തേക്കാൾ കഴിവുകൾക്കും ജോലി ചെയ്യാനുള്ള തയ്യാറെടുപ്പിനും കമ്പനികൾ കൂടുതൽ പ്രാധാന്യം നൽകുന്നതായാണ് വിലയിരുത്തൽ. ഇയോൺ ഇന്ത്യ നടത്തിയ 15-ാമത് ക്യാമ്പസ് പഠനം പ്രകാരം, വിവിധ വിഭാഗങ്ങളിലെ ക്യാംപസ് ശമ്പളത്തിൽ 2 മുതൽ 7 ശതമാനം വരെ വാർഷിക വർധന പ്രതീക്ഷിക്കുന്നു.
ക്യാംപസ് നിയമനത്തിന്റെ പ്രധാന ഘട്ടം ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലാണ്. ആകെ നിയമനത്തിന്റെ 47 ശതമാനവും ഈ കാലയളവിലാണ് നടക്കുന്നത്. ജൂൺ-ജൂലൈ മാസങ്ങളിലെ നിയമനം 26 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറഞ്ഞപ്പോൾ ഒക്ടോബർ-നവംബർ കാലയളവിൽ 21 ശതമാനം നിയമനം നടക്കുമെന്നാണ് റിപ്പോർട്ട്.
ഇന്റേൺഷിപ്പുകൾക്കും കൂടുതൽ പ്രാധാന്യം ലഭിക്കുന്നുണ്ട്. ഏകദേശം 51 ശതമാനം സ്ഥാപനങ്ങളും കൂടുതൽ ഇന്റേണുകളെ നിയമിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട് പറയുന്നു. ഇന്റേൺഷിപ്പ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ സ്ഥിരം ജോലികളിലേക്ക് പരിഗണിക്കുന്നതിനുള്ള പ്രധാന വഴിയായും മാറുകയാണ്.
AI ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളുടെ വളർച്ചയും ക്യാംപസ് റിക്രൂട്ട്‌മെന്റിന്റെ രീതികളെ സ്വാധീനിക്കുന്നുണ്ട്. അക്കാദമിക് മാർക്കുകൾക്കൊപ്പം പ്രായോഗിക കഴിവുകൾ, പ്രത്യേക വൈദഗ്ധ്യം, ജോലി ചെയ്യാനുള്ള തയ്യാറെടുപ്പ് എന്നിവയാണ് കമ്പനികൾ കൂടുതൽ ശ്രദ്ധിക്കുന്നത്.
ഇതിനൊപ്പം IIT, IIM ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ലഭിക്കുന്ന ശമ്പള പാക്കേജുകളിലും വ്യത്യാസങ്ങൾ പ്രതീക്ഷിക്കുന്നു. ഏഴ് IITകളിലെ 2027 ബാച്ചിലെ BTech/MTech വിദ്യാർഥികളുടെ പ്രതീക്ഷിക്കുന്ന മീഡിയൻ TCC ഏകദേശം ₹16.56 ലക്ഷം ആണ്.



