തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് സ്ഥലം വാങ്ങിയ വ്യക്തിയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽ സിപിഐഎം കൗൺസിലർ അജിനെതിരെ ആരോപണം. പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ഉപയോഗിച്ച് സ്ഥലത്ത് കൊടി കുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിച്ചു.പണം ആവശ്യപ്പെടുന്നതായി പറയുന്ന വീഡിയോയും ഓഡിയോയും പരാതിക്കാരൻ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ കൗൺസിലർ അജിൻ നിഷേധിച്ചു. ആരിൽ നിന്നെങ്കിലും ഒരു രൂപ പോലും കൈക്കൂലി വാങ്ങിയെന്ന് തെളിയിച്ചാൽ ഉടൻ രാജിവെക്കാൻ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം, സംഭവത്തിൽ രാഷ്ട്രീയ പ്രതിഷേധവും ശക്തമാകുകയാണ്. തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ രാജിവെച്ച് നിയമനടപടി നേരിടണമെന്ന് കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരീനാഥൻ ആവശ്യപ്പെട്ടു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് മേധാവിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അധികാരം ദുരുപയോഗം ചെയ്ത് വസ്തു ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെന്ന ആരോപണം ഗൗരവമുള്ളതാണെന്നും ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും ശബരീനാഥൻ പറഞ്ഞു.അതേസമയം, പുറത്തുവന്ന വീഡിയോയുടെയും ഓഡിയോയുടെയും ആധികാരികത ഉൾപ്പെടെ പരിശോധിച്ച ശേഷമേ ആരോപണങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കൂ. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുമോ എന്നതിലാണ് ഇനി ശ്രദ്ധ.



