ഡൽഹി : പ്രശസ്ത ഷെഫ് പങ്കജ് ഭദൗരിയയുടെ കാൻസർ സ്ഥിരീകരണത്തേക്കുറിച്ചുള്ള തുറന്നുപറച്ചിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും സർജറി ചെയ്യുന്നതിനേക്കുറിച്ചുമൊക്കെ പങ്കജ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കാൻസറിനെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനേക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുകയാണ് പങ്കജ്.
കാൻസർ തന്റെ ശരീരത്തെ പരീക്ഷിച്ചു, പക്ഷേ ആത്മാവിനെ തകർക്കാനായില്ലെന്ന് പങ്കജ് കുറിച്ചു. കാൻസർ തന്റെ കഥയിലെ ഒരു അധ്യായമായി മാറി. പക്ഷേ അതായിരിക്കില്ല മുഴുവൻ കഥ. ഈ യാത്ര ശരീരത്തെ പരീക്ഷിച്ചെങ്കിലും ആത്മാവിന് കരുത്തേകുകയാണ് ചെയ്തത്. ഓരോ ദിവസവും കടപ്പാടോടെയും ധൈര്യത്തോടെയും സന്തോഷത്തോടെയുമാണ് കടന്നുപോകുന്നതെന്നും പങ്കജ് വ്യക്തമാക്കി.
തന്റെ പോസ്റ്റ് വായിക്കുന്ന എല്ലാ സ്ത്രീകളോടും പങ്കജ് ഒരുകാര്യം അഭ്യർഥിക്കുന്നുമുണ്ട്. സ്ഥിരമായുള്ള ആരോഗ്യ പരിശോധനകൾ ഒട്ടും വൈകിക്കരുത് എന്നതാണത്. നേരത്തേ തിരിച്ചറിയുന്നത് എല്ലാം മാറ്റിമറിക്കുമെന്നും പങ്കജ് കുറിച്ചു. ജീവിതലക്ഷ്യത്തെക്കുറിച്ച് പുതിയൊരു ബോധം പകരാൻ കാൻസറിന് കഴിഞ്ഞുവെന്നും പങ്കജ് പറയുന്നുണ്ട്. സാധാരണയായി ചെയ്യുന്ന പരിശോധനയുടെ ഭാഗമായാണ് രോഗം കണ്ടെത്താനായതെന്നും നാൽപതുകളിലുള്ളവരോ അല്ലെങ്കിൽ അമ്മയോ സഹോദരിയോ നാൽപത് കടന്നവരോ ആണെങ്കിൽ ദയവുചെയ്ത് പരിശോധിക്കാൻ വൈകരുതെന്ന് പങ്കജ് നേരത്തേ പറഞ്ഞിരുന്നു.



