ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍, ബജറ്റ് മുന്‍ഗണനകള്‍, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, അഴിമതി, ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയുടെ ആകെയുള്ള പ്രവർത്തനം എന്നിവയെക്കുറിച്ച് രൂക്ഷമായ ചോദ്യങ്ങളുമായി മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി രംഗത്ത്. ‘അമര്‍ ഉജാല’ എന്ന ഹിന്ദി ദിനപത്രത്തിന് നല്‍കിയ ദീർഘമായ അഭിമുഖത്തിലാണ് മുന്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രിയായ അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ജെന്‍-സി വിഭാഗക്കാരുടെ പ്രതിഷേധങ്ങള്‍ അല്പം ശമിച്ചതിന് പിന്നാലെ ‘ജെന്‍-ആല്‍ഫ’ വിഭാഗക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു ഈ അഭിമുഖം.
അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലത്ത് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച ജോഷി നിലവിലെ സാഹചര്യത്തിന്റെ ഉത്തരവാദിത്തം വിദ്യാര്‍ത്ഥികള്‍ക്കല്ല മറിച്ച് സര്‍ക്കാരിനും വ്യവസ്ഥിതിക്കുമാണെന്നും ആരോപിച്ചു. മുന്‍ ബിജെപി അധ്യക്ഷനായ ജോഷിയെ, 2014-ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷം പാര്‍ട്ടിയിലെ ‘മാര്‍ഗ്ഗദര്‍ശക് മണ്ഡലി’ലേക്ക് (ഉപദേശക സമിതി) മാറ്റിയിരുന്നു. ഇതോടെ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഫലത്തില്‍ ഒഴിവാക്കപ്പെടുകയായിരുന്നു.
സമൂഹത്തിലും ഭരണനിര്‍വ്വഹണത്തിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന അഴിമതിയുമായി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ ജോഷി അഭിമുഖത്തില്‍ ബന്ധിപ്പിക്കുന്നുണ്ട്. സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പണവും അഴിമതിയും എല്ലാ മേഖലകളെയും സ്വാധീനിക്കുന്നത് കാണുമ്പോള്‍, ആളുകള്‍ ഇത്തരം പ്രവണതകളെ സാധാരണമായി കണ്ട് തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വാദിച്ചു. വിദ്യാഭ്യാസ മേഖലയ്ക്ക് വ്യക്തമായ ദീര്‍ഘകാല ലക്ഷ്യമില്ലെന്നും, വിദ്യാഭ്യാസത്തെ തൊഴിലുമായി ബന്ധിപ്പിക്കുകയും സാമ്പത്തികമായി ഉല്‍പ്പാദനക്ഷമമാക്കുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻസിപ്പല്‍ കോര്‍പ്പറേഷനിലും മുൻസിപ്പല്‍ ഓഫീസിലും യഥാക്രമം എം എ ബിരുദധാരിയും പിഎച്ച്ഡി ബിരുദധാരിയും താഴ്ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നതുപോലുള്ള ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിഎഡ് ബിരുദമുണ്ടായിട്ടും കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്ത് 25,000 മുതല്‍ 30,000 രൂപ വരെ വരുമാനം നേടുന്ന ഒരാളെ കണ്ട കാര്യവും അദ്ദേഹം അനുസ്മരിച്ചു. ബിരുദധാരികള്‍ക്ക് ലഭ്യമായ തൊഴിലവസരങ്ങള്‍ പരിഗണിക്കാതെ പുതിയ കോളേജുകള്‍ തുടങ്ങുന്നതിലെ യുക്തിയെയും അദ്ദേഹം ചോദ്യം ചെയ്തു. സുരക്ഷിതമായ സര്‍ക്കാര്‍ ജോലി തന്നെയാണ് പലര്‍ക്കും ഇപ്പോഴും ഏറ്റവും അഭികാമ്യമായ മാര്‍ഗ്ഗമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാവിയിലെ തൊഴില്‍ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള വിദ്യാഭ്യാസ നയമാണ് വേണ്ടതെന്ന് സമര്‍ത്ഥിക്കാന്‍, വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങളിലുണ്ടായ മാറ്റങ്ങളെയും (ഫിസിക്‌സില്‍ നിന്ന് ഇലക്ട്രോണിക്‌സിലേക്കും പിന്നീട് ഇലക്ട്രോണിക് എന്‍ജിനീയറിംഗിലേക്കും മാറിയത്) അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
അധാര്‍മ്മികമായ പെരുമാറ്റത്തെ വ്യവസ്ഥിതി തന്നെ പ്രോത്സാഹിപ്പിക്കുന്നതായി കാണപ്പെടുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സത്യസന്ധരായിരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നാണ് അഴിമതിയെക്കുറിച്ച് സംസാരിക്കവേ ജോഷി പറഞ്ഞത്. കൈക്കൂലിയിലൂടെ കരാറുകള്‍ നേടുന്നതോ അനുചിതമായ മാര്‍ഗ്ഗങ്ങളിലൂടെ അധ്യാപകര്‍ക്ക് ജോലി ലഭിക്കുന്നതോ കാണുമ്പോള്‍, സ്വന്തം വിജയത്തിനും സമാനമായ രീതികള്‍ ആവശ്യമാണെന്ന് ആളുകള്‍ക്ക് തോന്നിയേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജുഡീഷ്യറിയിലെ അംഗങ്ങള്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, യുവാക്കള്‍ ഇപ്പോള്‍ പിന്തുടരുന്ന പാത സമൂഹം തന്നെയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിംഗ്, ബിസിനസ്സ്, സര്‍ക്കാര്‍ മേഖലകളിലെ അഴിമതികള്‍ വിദ്യാഭ്യാസ രംഗത്തേക്കും സമാനമായ തെറ്റായ പ്രവണതകള്‍ പടരാന്‍ കാരണമാകുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയോടുള്ള അതീവ കേന്ദ്രീകൃതമായ സമീപനത്തെയും അദ്ദേഹം വിമര്‍ശിച്ചു. ചോദ്യപേപ്പര്‍ സുരക്ഷിതമായി അച്ചടിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വിപുലമായ ക്രമീകരണങ്ങള്‍ കാണുമ്പോള്‍ പരീക്ഷ ഒരു യുദ്ധം പോലെയാണ് തോന്നുന്നതെന്നായിരുന്നു പരിഹാസരൂപേണയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.



