ഡൽഹി: സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് CJP. കുടിവെള്ളവും ബെഞ്ചും ശുചിമുറിയുമില്ലാതെ വിദ്യാർത്ഥികൾ ദുരിതത്തിലെന്ന് സിജെപി കൺവീനർ അഭിജീത് ദിപ്കെ വ്യക്തമാക്കി. മൃഗങ്ങളെക്കാൾ മോശമായാണ് വിദ്യാർത്ഥികളെ കണക്കാക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ സ്കൂളുകൾക്കായി അനുവദിച്ച തുകയും ചെലവഴിച്ച തുകയും പരസ്യപ്പെടുത്തണം. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളുടെ കണക്ക് പുറത്തുവിടണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നവീകരിച്ച കെട്ടിടങ്ങൾ എത്ര. കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ഇനിയും സംസ്ഥാനത്ത് എത്ര സ്കൂളുകൾ ആവശ്യമാണ്.
പഠിപ്പിക്കുന്നതല്ലാതെ അധ്യാപകർക്ക് മറ്റ് എന്തൊക്കെ ജോലികളാണ് നൽകിയിരിക്കുന്നത്. കമ്പ്യൂട്ടർ തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ള സ്കൂളുകളുടെ എണ്ണം എത്ര എന്നിവ പരസ്യപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.അതേസമയം ഡൽഹിയിലെ ലുട്ടെയ്ൻസ് മേഖലയിലെ കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികൾക്കായി സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനെതിരെ കോക്രോച്ച് ജനതാ പാർട്ടി.പി.എം കെയർ ഫണ്ടിന് പിന്നാലെയാണ് മന്ത്രിമാരുടെ വീടുകളുടെ നവീകരണ ചെലവുകൾ ചൂണ്ടിക്കാട്ടി സി.ജെ.പി വിമർശനവുമായി രംഗത്തെത്തിയത്.
ഈ തുക സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്താൻ ഉപയോഗിക്കണമെന്നാണ് സി.ജെ.പിയുടെ ആവശ്യം.കഴിഞ്ഞ 12 വർഷത്തിനിടയിൽ മന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികൾക്കായി ആകെ 547.68 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള കണക്കുകൾ വ്യക്തമാക്കുന്നത്.2014-15 കാലഘട്ടത്തിൽ പ്രതിവർഷം 27 കോടി രൂപയായിരുന്ന അറ്റകുറ്റപ്പണി ചെലവ് 2025-26 ആയപ്പോഴേക്കും റെക്കോർഡ് തുകയായ 92 കോടി രൂപയായി വർദ്ധിച്ചതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഈ കണക്കുകൾ ചൂണ്ടിക്കാട്ടി എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സി.ജെ.പി രൂക്ഷമായ പ്രതികരണവുമായി എത്തിയത്.



