മലപ്പുറം: വാറന്റി കാലയളവില്‍ ആവര്‍ത്തിച്ച് തകരാറുകള്‍ നേരിട്ട ഐഫോണ്‍ 14 പ്ലസിന്റെ വിലയും നഷ്ടപരിഹാരവും കേസ് നടത്തിപ്പ് ചെലവും ഉള്‍പ്പെടെ 1,09,250 രൂപ പരാതിക്കാരന് നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. തിരൂര്‍ തണ്ടശ്ശേരി വീട്ടില്‍ ടി. ഫൈസല്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ പ്രസക്തമായ ഈ നടപടി. 2023 സെപ്റ്റംബര്‍ 13-നാണ് പരാതിക്കാരന്‍ മകന്റെ ഓണ്‍ലൈന്‍ പഠനാവശ്യത്തിനായി 89,900 രൂപയുടെ ഫോണും ചാര്‍ജറുമടക്കം 92,250 രൂപ ചെലവഴിച്ച് ഐഫോണ്‍ വാങ്ങുന്നത്.
എന്നാല്‍ വാങ്ങിയതിന് പിന്നാലെ ഫോണ്‍ അമിതമായി ചൂടാവുകയും ക്യാമറ പ്രവര്‍ത്തിക്കാതാവുകയും ചെയ്തു. തുടര്‍ന്ന് പലതവണ അംഗീകൃത സര്‍വീസ് സെന്ററില്‍ നല്‍കി നന്നാക്കാന്‍ ശ്രമിച്ചെങ്കിലും തകരാറുകള്‍ പരിഹരിക്കാനായില്ല. കേസില്‍ സമര്‍പ്പിച്ച രേഖകളും വിദഗ്ദ്ധ കമ്മീഷന്റെ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ച്ചയായ തകരാറുകള്‍ക്ക് സ്ഥിരമായ പരിഹാരം നല്‍കുന്നതില്‍ പരാജയപ്പെട്ടത് സേവനത്തിലെ വീഴ്ചയും അന്യായമായ വ്യാപാര രീതിയുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഫോണിന്റെയും അനുബന്ധ സാമഗ്രികളുടെയും വിലയായ 92,250 രൂപ ആപ്പിള്‍ കമ്പനി തിരികെ നല്‍കണം. കൂടാതെ, അനുഭവിച്ച മാനസിക വിഷമത്തിന് 10,000 രൂപയും കോടതി ചെലവായി 7,000 രൂപയും സര്‍വീസ് സെന്ററുമായി ചേര്‍ന്ന് പരാതിക്കാരന് നല്‍കാനും ഉത്തരവിട്ടു. 45 ദിവസത്തിനകം ഉത്തരവ് പാലിച്ചില്ലെങ്കില്‍ ഒന്‍പത് ശതമാനം വാര്‍ഷിക പലിശ ഈടാക്കുമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.



