തിരുവനന്തപുരം: മലപ്പുറത്തിനെതിരെ സിപിഐഎം നേതാവ് പി. നന്ദകുമാർ നടത്തിയ വിമർശനം തളളി സിപിഐ. മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാടാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.പി.സുരേഷ് രാജിന്റേതാണ് ലേഖനം. ഒരു പ്രദേശത്തിന്റെ മതനിരപേക്ഷത അളക്കേണ്ടത് ഒരു മതവിഭാഗത്തിന്റെ എണ്ണത്തിലൂടെയല്ലെന്ന് ലേഖനത്തിൽ പറയുന്നു.
മതനിരപേക്ഷത എന്നത് മതത്തെ എതിർക്കുന്നതല്ലെന്നും ലേഖനത്തിൽ പരാമർശമുണ്ട്. മലപ്പുറത്തിന്റെ സാമൂഹിക ചരിത്രത്തെ ഒരു മതത്തിന്റെ ചരിത്രമായി മാത്രം കാണുന്നത് ചരിത്രപരമായി അപൂർണമാണ്. മലപ്പുറത്തിന്റെ മതനിരപേക്ഷത വലിയ രാഷ്ട്രീയ മുദ്രവാക്യങ്ങളിൽ മാത്രം കാണേണ്ടതല്ലെന്നു ലേഖനത്തിൽ പറയുന്നു. മലപ്പുറത്തിന്റെ യഥാർഥ പ്രത്യേകത അതിന്റെ മതഘടനയല്ല. വ്യത്യസ്ത വിശ്വാസങ്ങളുള്ള മനുഷ്യർ ഒരേ സാമൂഹിക ഇടത്തിൽ പങ്കിടുന്ന ജീവിതമാണെന്ന് ലേഖനത്തിൽ പറയുന്നു.
മതമൌലീകവർഗീയവാദികളുടെ കൂടാകാൻ മലപ്പുറത്തെ അനുവദിക്കരുത് എന്നാണ് താൻ പറഞ്ഞത് എന്നാണ് നന്ദകുമാറിന്റെ വിശദീകരണം. തെറ്റായൊന്നും പറയാത്തതിനാൽ നാക്കുപിഴയെന്ന് പോലും സമ്മതിക്കാൻ ഒരുക്കമല്ലെന്ന് മുൻ എംഎൽഎ പറയുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും, വി ശിവൻകുട്ടിയും പ്രസ്താവനയെ തളളിയപ്പോൾ നന്ദകുമാറിനെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു.


